Royal Challengers Bengaluru: പാട്ടീധാർ അടിച്ചുതകർത്തു, ഗുജറാത്ത് ടൈറ്റൻസിനെ മലർത്തിയടിച്ച് ആർസിബി തുടർച്ചയായ രണ്ടാം ഫൈനലിൽ, വിജയിച്ചത് 92 റൺസിന്
ധരംശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി രജത് പാട്ടീധാറിന്റെ വണ്‍ മാന്‍ ഷോയില്‍ 254 റണ്‍സാണ് സ്വന്തമാക്കിയത്.
ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തെറിഞ്ഞ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം വര്‍ഷം ഐപിഎല്‍ ഫൈനലിലേക്ക്. ധരംശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി രജത് പാട്ടീധാറിന്റെ വണ്‍ മാന്‍ ഷോയില്‍ 254 റണ്‍സാണ് സ്വന്തമാക്കിയത്. 33 പന്തില്‍ 93 റണ്‍സുമായി തകര്‍ത്തടിച്ച പാട്ടീധാറാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. വിരാട് കോലി 25 പന്തില്‍ 43 റണ്‍സും ക്രുണാല്‍ പാണ്ഡ്യ 28 പന്തില്‍ 43 റണ്‍സുമായും തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഇന്നിങ്ങ്‌സ് 19.3 ഓവറില്‍ 162 റണ്‍സില്‍ അവസാനിച്ചു. ആര്‍സിബിക്കായി ജേക്കബ് ഡഫി 3 വിക്കറ്റും റാസിക് ദര്‍, ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി.
ആര്‍സിബിക്കെതിരെ തോറ്റെങ്കിലും ഫൈനല്‍ യോഗ്യതയ്ക്ക് ഗുജറാത്തിന് ഇനിയും അവസരമുണ്ട്. എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായുള്ള രണ്ടാം ക്വാളിഫയറില്‍ വിജയിച്ചാല്‍ ഗുജറാത്തിന് ഫൈനല്‍ ബര്‍ത്ത് സ്വന്തമാകും. ആര്‍സിബി ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സായ് സുദര്‍ശന്‍ (14), ശുഭ്മാന്‍ ഗില്‍(2), ജോസ് ബട്ട്ലര്‍(29) മടങ്ങിയതോടെ വിക്കറ്റുകള്‍ തുടരെ നഷ്ടമായി. 43 പന്തില്‍ 68 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയാണ് വമ്പന്‍ നാണക്കേട് ഒഴിവാക്കിയത്.