PBKS : പഞ്ചാബ് 'കൈവിട്ട്' കളയുന്ന വിജയങ്ങൾ, രണ്ടാം പകുതിയിൽ തൊട്ടതെല്ലാം പിഴയ്ക്കുന്നു
ഐപിഎല്ലിലെ ആദ്യമത്സരങ്ങളില്‍ അപരാജിതര്‍ എന്ന ഖ്യാതിയോടെയായിരുന്നു 2026ലെ ഐപിഎല്‍ സീസണിലെ പഞ്ചാബിന്റെ കുതിപ്പ്. എതിരാളികള്‍ എത്ര വലിയ ടോട്ടല്‍ ഉയര്‍ത്തിയാലും അതിനെ മറികടക്കാന്‍ കെല്‍പ്പുള്ള ബാറ്റിംഗ് നിരയായിരുന്നു പഞ്ചാബിന്റെ കരുത്ത്. ഇതിനിടയില്‍ ബൗളിങ്ങിലെ പോരായ്മകളെ ഈ വിജയങ്ങള്‍ സമര്‍ഥമായി മറച്ചുവെച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ രാജസ്ഥാനോട് തോറ്റതോട് കൂടി പഞ്ചാബിന്റെ ദൗര്‍ബല്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്.
ഏത് വിജയലക്ഷ്യവും അടിച്ചെടുക്കാന്‍ കരുത്തുള്ള ബാറ്റിംഗ് കരുത്തുണ്ടെങ്കിലും എത്ര റണ്‍സും വിട്ടുകൊടുക്കാന്‍ സാധ്യതയുള്ള ബൗളിംഗ് നിരയാണ് പഞ്ചാബിനെ വലയ്ക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനം നഷ്ടമാക്കിയതില്‍ ഈ ബൗളിംഗ് നിരയേക്കാള്‍ പഴി പഞ്ചാബിന്റെ മോശം ഫീലീഡിനാണ്. ആദ്യ മത്സരങ്ങളിലെ വിജയങ്ങള്‍ കാരണം ഫീല്‍ഡിലെ പിഴവുകള്‍ ചോദ്യം ചെയ്യപ്പെടാതെ പോയെങ്കില്‍ ബുധനാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇഷാന്‍ കിഷന്റെയും ഹെന്റിച്ച് ക്ലാസന്റെയും നിര്‍ണായക ക്യാച്ചുകളായിരുന്നു പഞ്ചാബ് കൈവിട്ടത്. ഈ ക്യാച്ചുകള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ മത്സരത്തില്‍ പിടിമുറുക്കാനും ടേബിള്‍ ടോപ്പില്‍ സീറ്റിട്ടിരിക്കാനും പഞ്ചാബിനാകുമായിരുന്നു.
പ്രധാനമായും ശശാങ്ക് സിങ്ങാണ് പഞ്ചാബിലെ ക്യാച്ച് നഷ്ടപ്പെടുത്തുന്നതില്‍ സ്‌പെഷ്യലിസ്റ്റ്. പത്ത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇതുവരെ 16 ക്യാച്ചുകളാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്. ക്യാച്ചിങ് എഫിഷ്യന്‍സി 71.4 ശതമാനം. ഇതില്‍ ശശാങ്ക് മാത്രം കൈവിട്ടത് അഞ്ച് ക്യാച്ചുകള്‍. സീസണിലെ ഏറ്റവും നിര്‍ണായക സമയത്ത് ഈ പോരായ്മകള്‍ പരിഹരിക്കാന്‍ പഞ്ചാബിന് മുന്നില്‍ ഇനിയും സമയമുണ്ട്. എന്നാല്‍ നിലവിലെ സ്ഥിതി തുടര്‍ന്നാണ് അത് പഞ്ചാബിന്റെ കിരീടസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് ഉറപ്പാണ്.