1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Former Cricketer says Rahul dravid was the reason of positivity in Indian Team Dressing room

ഇന്ത്യൻ ടീമിലെ മാറ്റങ്ങൾക്കെല്ലാം കാരണം ദ്രാവിഡ്, പരിശീലന കാലയളവിനെ പുകഴ്ത്തി മുൻതാരം

ഇന്ത്യന്‍ ടീമിന്റെ സുഗമമായ മാറ്റങ്ങള്‍ക്ക് പിന്നില്‍ ഹെഡ് കോച്ചായ രാഹുല്‍ ദ്രാവിഡിന് വലിയ പങ്കുള്ളതായി പരസ് മാംബ്രെ പറയുന്നു.

Rahul Dravid
പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന് കീഴില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ടി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയക്കുതിപ്പ് തുടരുകയാണെങ്കിലും ഇന്ത്യന്‍ ടീമിലെ  ഡ്രസ്സിംഗ് റൂമിലടക്കം പല അസ്വസ്ഥതകളും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദ്രാവിഡിന്റെ പരിശീലന കാലയളവില്‍ ഒരു ചാമ്പ്യന്‍സ് ട്രോഫി മാത്രമെ നേടാനായുള്ളുവെങ്കിലും ആ കാലഘട്ടത്തില്‍ ടീമിലെ ഒത്തൊരുമയും സുതാര്യതയുമെല്ലാം മികച്ചതായിരുന്നുവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ചായ പരസ് മാംബ്രെ.
 
സൂപ്പര്‍ താരം വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലുള്ള പഴയ അസ്വാരസ്യങ്ങള്‍ കോച്ചിങ് കരിയറിന് നേരിയ മങ്ങലേല്‍പ്പിക്കുന്നുണ്ടെന്ന ചര്‍ച്ചകള്‍ക്കിടയിലാണ്, ദ്രാവിഡ് എങ്ങനെയാണ് ടീമിനെ ഒരു കുടുംബമായി കൊണ്ടുപോയതെന്ന് മാംബ്രെ വ്യക്തമാക്കുന്നത്. ആര്‍സിബിയുടെ (RCB) പോഡ്കാസ്റ്റില്‍ വിരാട് കോഹ്ലി നടത്തിയ ചില വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഗംഭീറും കോഹ്ലിയും തമ്മിലുള്ള ആശയവിനിമയത്തില്‍ കുറവുണ്ടായെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പരസ് മാംബ്രെയുടെ തുറന്നുപറച്ചില്‍.
 
ഇന്ത്യന്‍ ടീമിന്റെ സുഗമമായ മാറ്റങ്ങള്‍ക്ക് പിന്നില്‍ ഹെഡ് കോച്ചായ രാഹുല്‍ ദ്രാവിഡിന് വലിയ പങ്കുള്ളതായി പരസ് മാംബ്രെ പറയുന്നു. വിരാട് കോലിയോട് അദ്ദേഹം വളരെ തുറന്ന് സംസാരിച്ചു. ചിലപ്പോള്‍ കഠിനമായ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുക എന്നത് ബുദ്ധിമുട്ടാണ്. എങ്കിലും ദ്രാവിഡ് അക്കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. ടീമിന്റെ പ്ലാനുകളെല്ലാം കോലി,രോഹിത് എന്നിവരുമായി ദ്രാവിഡ് പങ്കുവെച്ചിരുന്നു. എല്ലാ മീറ്റിംഗുകളിലും കോലി പങ്കെടുത്തിരുന്നില്ലെങ്കില്‍ പോലും വിവരങ്ങള്‍ കോലിയെ അറിയിച്ചിരുന്നു. ടീമിനുള്ളില്‍ മികച്ച അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത് കാരണമായിരുന്നു. ദ്രാവിഡിനെ ഒരിക്കലും നിങ്ങള്‍ ലൈം ലൈറ്റില്‍ കണ്ടിരിക്കില്ല. എന്നാല്‍ കളിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.
 
 കളിക്കാരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഒരു കോച്ചാണെങ്കില്‍ ടീമിലെ അന്തരീക്ഷം മോശമാകും. എന്നാല്‍ ദ്രാവിഡ് എപ്പോഴും പിന്നിലിരുന്ന് രോഹിത് ശര്‍മ്മയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയായിരുന്നു ചെയ്തത്. പരസ് മാംബ്രെ പറയുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Royal Challengers Bengaluru: പാട്ടീധാർ അടിച്ചുതകർത്തു, ഗുജറാത്ത് ടൈറ്റൻസിനെ മലർത്തിയടിച്ച് ആർസിബി തുടർച്ചയായ രണ്ടാം ഫൈനലിൽ, വിജയിച്ചത് 92 റൺസിന്