പ്രകോപനവുമായി യുഎസ്; തിരിച്ചടിച്ച് ഇറാൻ
കപ്പലിനു കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്ര തുടരാൻ സാധിച്ചിരുന്നു
ഹോർമുസ് കടലിടുക്കിൽ ഒരു കപ്പലിനു നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ച് ഇറാനെതിരെ സൈനിക ആക്രമണവുമായി യുഎസ്. ജൂൺ 25 നു ഒമാൻ തീരത്തുകൂടി ഹോർമുസ് കടലിടുക്ക് കടക്കുകയായിരുന്ന 'എം/വി എവർ ലൗലി' എന്ന സിംഗപ്പൂർ പതാകയുള്ള ചരക്കുകപ്പലിനു നേരെ ഡ്രോൺ ആക്രമണമുണ്ടായതാണ് യുഎസിനെ ചൊടിപ്പിച്ചത്.
കപ്പലിനു കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്ര തുടരാൻ സാധിച്ചിരുന്നു. എന്നാൽ ഇത് സമാധാന കരാറിന്റെ കടുത്ത ലംഘനമാണെന്ന് ആരോപിച്ച് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുകയായിരുന്നു. യുഎസ് സെൻട്രൽ കമാൻഡ് ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കു നേരെ മിന്നലാക്രമണം നടത്തി.
ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ ശാലകളും തീരദേശ റഡാർ കേന്ദ്രങ്ങളുമാണ് യുഎസ് യുദ്ധവിമാനങ്ങൾ തകർത്തത്. സിറിക് തുറമുഖ നഗരത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ ഇറാനും തിരിച്ചടിച്ചു. യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏതൊക്കെ സൈനിക പോസ്റ്റുകളാണ് ലക്ഷ്യമിട്ടതെന്നോ എത്രത്തോളം നാശനഷ്ടം ഉണ്ടായെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഘർഷം കടുത്തതോടെ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ചരക്കുകപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നടത്തിവന്ന അടിയന്തര ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.