മക്ക പ്രതിരോധ കരാര്‍: ഹൂതികള്‍ക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
സൗദി അറേബ്യയില്‍ വിന്യസിച്ചിട്ടുള്ള പാകിസ്ഥാന് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഹൂതികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന പാകിസ്ഥാന് സൈനിക ഉദ്യോഗസ്ഥന് ബുധനാഴ്ച 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു. ഓഗസ്റ്റില്‍ പാകിസ്ഥാന്, സൗദി അറേബ്യ, തുര്‍ക്കി എന്നിവര്‍ തമ്മില്‍ 'മക്ക പ്രതിരോധ കരാര്‍' ഒപ്പുവെച്ചതിന് പിന്നാലെ യെമന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘം സൗദി അറേബ്യയ്ക്കെതിരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ വിവരം പുറത്തുവരുന്നത്.
സൗദി അറേബ്യയില്‍ തങ്ങളുടെ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന് സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേരെയാണ് വിന്യസിച്ചിട്ടുള്ളതെന്നോ കൃത്യമായി എവിടെയാണ് അവരെ നിയോഗിച്ചിട്ടുള്ളതെന്നോ ഉള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. പാകിസ്ഥാന് സൈനിക വിഭാഗങ്ങള്‍ 'വിവിധ ശേഷികളിലും മേഖലകളിലും' പ്രവര്‍ത്തിച്ചുവരികയാണെന്ന് പാക് കരസേനാ വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.
'പാകിസ്ഥാന് സേന ഇതിനകം അവിടെയുണ്ട്. ഇക്കാര്യം എനിക്ക് നിങ്ങളോട് പറയാനാകും,' ചൗധരി സിഎന്‍എന്നിനോട് പറഞ്ഞു. സംഘര്‍ഷത്തില്‍ പാകിസ്ഥാന് ഏതെങ്കിലും തരത്തില്‍ ഇടപെടുകയാണെങ്കില്‍ അത് പ്രതിരോധപരമായ നടപടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
