ഗൾഫിലെ സൈനികതാവളങ്ങൾ അടച്ചുപൂട്ടാനാകുമോ ട്രംപെ നിങ്ങൾക്ക്?, നിബന്ധനകളുമായി ഇറാൻ
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടൂക്കാനും കപ്പലുകള്‍ക്ക് ട്രാന്‍സിറ്റ് ഫീസ് ഏര്‍പ്പെടുത്താനുള്ള അധികാരം നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യുഎസിന് മുന്നില്‍ കര്‍ശനമായ നിബന്ധനകള്‍ വെച്ച് ഇറാന്‍. ഗള്‍ഫ് മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും അടച്ചുപ്പൂട്ടണമെന്ന നിര്‍ദേശമാണ് ഇതില്‍ പ്രധാനം. യുദ്ധം അവസാനിപ്പിക്കാനായി 15 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച യുഎസ് നടപടിയോടുള്ള പ്രതികരണമായാണ് ഇറാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടൂക്കാനും കപ്പലുകള്‍ക്ക് ട്രാന്‍സിറ്റ് ഫീസ് ഏര്‍പ്പെടുത്താനുള്ള അധികാരം നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന് മുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കാനും നിലവിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തികമായ നഷ്ടപരിഹാരം നല്‍കാനും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ളക്കെതിരായ ഇസ്രായേല്‍ സൈനികനീക്കം അവസാനിപ്പിക്കണമെന്ന നിര്‍ദേശവും ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം ഇറാന് ഹോര്‍മുസ് നിയന്ത്രണം വിട്ടുനല്‍കാനും ഗള്‍ഫിലെ സൈനിക കേന്ദ്രങ്ങള്‍ ഒഴിയാനും അമേരിക്ക തയ്യാറാകില്ലെന്ന് ഉറപ്പാണ്.
വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറാണ് കര്‍ശനമായ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുറമെയ്ക്ക് ചര്‍ച്ചകള്‍ നടന്നെന്ന വാര്‍ത്തകള്‍ തള്ളികളയുന്നുണ്ടെങ്കിലും നിലവിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ഇറാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.