സൂപ്പർ ഇൻ്റലിജൻസ്: എ ഐ മനുഷ്യരാശിയെ തന്നെ ഇല്ലാതെയാക്കുമെന്ന് മുന്നറിയിപ്പ്, രാജിവെച്ച് ആന്ത്രോപിക് ഗവേഷകൻ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ അതിവേഗം മുന്നേറുന്ന സൂപ്പര്‍ ഇന്റലിജന്‍സിനെതിരെ കടുത്ത മുന്നറിയിപ്പ് നല്‍കികൊണ്ട് ആന്ത്രോപിക് ഗവേഷകനായ ജേക്കബ് കോക്സണ്‍ രാജിവെച്ചു. ആന്ത്രോപിക്കും ഓപ്പണ്‍ എ ഐയും സുരക്ഷാ അപകടങ്ങള്‍ പൂര്‍ണമായി മനസിലാക്കാതെയാണ് എ ഐ മത്സരത്തില്‍ മുന്നേറുന്നതെന്നാണ് കോക്സന്റെ ആരോപണം. ആന്ത്രോപിക്, ഓപ്പണ്‍ എ ഐ എന്നിവര്‍ നടത്തുന്ന എ ഐ വികസനം 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയുടെ തന്നെ പൂര്‍ണ നാശത്തിന് കാരണമാകാനുള്ള സാധ്യത 10 ശതമാനത്തിന് മുകളിലാണെന്നാണ് കോക്സണ്‍ പറയുന്നത്.
ആന്ത്രോപിക്കില് ഏകദേശം മൂന്ന് വര്‍ഷം പ്രീട്രെയിനിങ് ഗവേഷണത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കോക്സണ്‍ ചൊവ്വാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. നേരത്തെ ഓപ്പണ്‍ എ ഐയ്ക്കായും കോക്സണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂപ്പര്‍ ഇന്റലിജന്‍സ് ലക്ഷ്യമിട്ട് അപകടകരമായ വേഗത്തിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കോക്സന്റെ ആരോപണം. മനുഷ്യരുടെ ബുദ്ധിശേഷിയെ മറികടക്കുന്ന, സ്വയം മെച്ചപ്പെടുത്താനാവുന്ന ഘട്ടത്തിലാണ് എ ഐ ഇപ്പോള്‍. ഇതാണ് യഥാര്‍ഥ അപകടം തുടങ്ങുന്ന ഘട്ടമെന്നും ഇത്തരത്തില്‍ വികസിപ്പിക്കുന്ന സംവിധാനങ്ങള്‍ മനുഷ്യരുടെ നിയന്ത്രണത്തിനപ്പുറം പോകാനുള്ള സാധ്യതകളുണ്ടെന്നും കോക്സണ്‍ മുന്നറിയിപ്പ് നല്കുന്നു.
കോക്സന്റെ മുന്നറിയിപ്പിന് ആന്ത്രോപിക്കിലെ മുതിര്‍ന്ന ഗവേഷകനായ ഇവാന് ഹുബിഞ്ചറും കോക്സണ്‍ പിന്തുണയുമായെത്തി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എ ഐ മനുഷ്യവംശത്തെ ഇല്ലാതെയാക്കാനുള്ള സാധ്യത 10 ശതമാനത്തിലേറെയാണെന്നാണ് ഹുബിഞ്ചര്‍ പറഞ്ഞത്. ഇപ്പോഴത്തെ എ ഐ മോഡലുകളല്ല സ്വയം മെച്ചപ്പെടുത്താനാവുന്ന ഘട്ടത്തിലുള്ള മോഡലുകളാണ് യഥാര്‍ഥ അപകടമെന്നും സൂപ്പര്ഇന്റലിജന്സിന്റെ ലക്ഷ്യങ്ങള്‍ മനുഷ്യരുടെ താല്പര്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള വ്യക്തമായ പദ്ധതി നിലവിലില്ലെന്നും ഹുബിഞ്ചര്‍ സമ്മതിച്ചു.