ആപ്പിളിന്റെ അമരത്തുനിന്ന് ടിം കുക്ക് പടിയിറങ്ങുന്നു; ജോൺ ടെർനസ് പുതിയ സി.ഇ.ഒ
ആപ്പിള്‍ സി.ഇ.ഒ സ്ഥാനത്തുനിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. നീണ്ട ഒന്നര പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിന് ശേഷമാണ് ടിം കുക്ക് സ്ഥാനമൊഴിയുന്നത്. കമ്പനിയുടെ നിലവിലെ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടെര്‍നസ് ആപ്പിളിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (CEO) ചുമതലയേല്‍ക്കും.
2011-ല്‍ സ്റ്റീവ് ജോബ്‌സിന്റെ വിയോഗത്തിന് ശേഷം ആപ്പിളിന്റെ അമരത്തെത്തിയ ടിം കുക്ക്, കമ്പനിയെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സാങ്കേതിക ഭീമനായി വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.
പുതിയ സി.ഇ.ഒ ജോണ്‍ ടെര്‍നസ്
ടിം കുക്കിന്റെ പിന്‍ഗാമിയായി എത്തുന്ന ജോണ്‍ ടെര്‍നസ് ഏറെക്കാലമായി ആപ്പിളിന്റെ പ്രധാന ഹാര്‍ഡ്വെയര്‍ വികസനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയാണ്. 2001-ല്‍ ആപ്പിളില്‍ ചേര്‍ന്ന ടെര്‍നസ്, 2021 മുതലാണ് ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തലവനായി മാറുന്നത്. ഐഫോണ്‍, ഐപാഡ്, മാക് (Mac) കമ്പ്യൂട്ടറുകള്‍, ആപ്പിളിന്റെ സ്വന്തം ഇന്‍-ഹൗസ് ചിപ്പുകളായ M-സീരീസ് (M-series processors) എന്നിവയുടെ വികസനത്തില്‍ ടെര്‍നസ് വലിയ പങ്കുവഹിച്ചിരുന്നു.
ടിം കുക്ക് സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞാലും ആപ്പിള്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി കമ്പനിയില്‍ തുടരുമെന്നാണ് വിവരങ്ങള്‍. 1998ലാണ് ടിം കുക്ക് ആപ്പിളിന്റെ ഭാഗമായത്. ആപ്പിളിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച ടിം കുക്ക് 2011ല്‍ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് മാറിനിന്നതിന് പിന്നാലെയാണ് ടിം കുക്ക് സിഇഒ ആയി ചുമതലയേറ്റത്. ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ്, ഹോം പോഡ്, വിഷന്‍ പ്രോ, എയര്‍ ടാഗ് തുടങ്ങിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചത് ടിം കുക്കിന്റെ കാലത്താണ്. കമ്പനിയുടെ മൂല്യം 4.5 ട്രില്യണ്‍ ഡോളറാക്കി ഉയര്‍ത്താനും ടിം കുക്കിനായിരുന്നു.