Dick Advocaat: 'കരയരുത്, നിങ്ങളാണ് ജയിച്ചത്'; ക്യുറസാവോ പരിശീലകനോടു ഫുട്‌ബോൾ ലോകം
മത്സരത്തിന്റെ ആറാം മിനിറ്റിൽ ജർമനിയാണ് ആദ്യം ഗോൾ നേടിയത്. 20-ാം മിനിറ്റിലാണ് ക്യുറസാവോയുടെ മറുപടി ഗോൾ
Dick Advocaat
Dick Advocaat: ജർമനിക്കെതിരായ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ 7-1 നു തോറ്റെങ്കിലും കുഞ്ഞൻ രാജ്യമായ ക്യുറസാവോ ഫുട്‌ബോൾ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ്. ഒന്നരലക്ഷം ജനസംഖ്യയുടെ ദ്വീപ് രാജ്യം ആദ്യമായി ലോകകപ്പിനു ഇറങ്ങിയത് വിഖ്യാത പരിശീലകൻ ഡിക്ക് അഡ്വൊക്കാറ്റിനു കീഴിലാണ്. മത്സരത്തിനിടെ അഡ്വൊക്കാറ്റ് കരയുന്ന ദൃശ്യങ്ങളാണ് ഫുട്‌ബോൾ പ്രേമികളുടെ നെഞ്ചുലച്ചത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ ജർമനിയാണ് ആദ്യം ഗോൾ നേടിയത്. 20-ാം മിനിറ്റിലാണ് ക്യുറസാവോയുടെ മറുപടി ഗോൾ. ലിവാനോ കമെൻനൻസിയയാണ് ഗോൾ നേടിയത്. ടീം അംഗങ്ങളെല്ലാം വലിയ ആഘോഷപ്രകടനം നടത്തുമ്പോൾ പരിശീലകൻ അഡ്വെക്കാറ്റ് കരയുകയായിരുന്നു. കുഞ്ഞൻ രാജ്യത്തെ ലോകകപ്പിൽ അടയാളപ്പെടുത്തിയതിന്റെ സന്തോഷവും ശക്തരായ ജർമനിക്കെതിരെ ആദ്യ ലോകകപ്പ് നേടിയ സന്തോഷവും ആ കണ്ണുകളിലുണ്ടായിരുന്നു. അതീവ വൈകാരികമായാണ് അഡ്വൊക്കാറ്റിനെ ഈ സമയത്ത് കണ്ടത്.
നെതർലൻഡ്‌സുകാരനായ അഡ്വൊക്കാറ്റിനു 78 വയസുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും പ്രായംകൂടിയ പരിശീലകൻ. നെതർലൻഡ്‌സ്, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യാന്തര ടീമുകളെയും യൂറോപ്പിലെ അടക്കം ക്ലബുകളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അവസരങ്ങൾ ഒരുപാട് മുന്നിലുണ്ടായിട്ടും ക്യുറസാവോ എന്ന കുഞ്ഞൻ രാജ്യത്തിന്റെ സ്വപ്‌നങ്ങൾക്കു ചിറകേറാൻ ഒപ്പം നിന്ന അഡ്വൊക്കാറ്റിനെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നാണ് ആരാധകർ പറയുന്നത്.