Vozinha: ഗോൾ പോസ്റ്റിൽ പാറ പോലൊരു മനുഷ്യൻ !
2012 ലാണ് വൊസിഞ്ഞ കേപ്പ് വെർദെ രാജ്യാന്തര ടീമിലേക്ക് എത്തുന്നത്
Vozhinha
Vozinha: കേപ്പ് വെർദെ ഗോൾകീപ്പർ വൊസിഞ്ഞയെ മനുഷ്യനെന്ന് വിളിക്കണോ 'അത്ഭുതജീവി' എന്ന് വിളിക്കണോ? എല്ലാ മനുഷ്യരെയും പോലെ രണ്ട് കൈകളും രണ്ട് കാലുകളുമാണ് വൊസിഞ്ഞയ്ക്കും കണ്ടത്. എന്നാൽ സ്‌പെയിൻ മുന്നേറ്റനിര പന്തുമായി ഇരച്ചുകയറി വരുമ്പോഴെല്ലാം പത്ത് കൈകളും പത്ത് കാലുകളും വൊസിഞ്ഞയ്ക്ക് ഉണ്ടെന്ന് എതിരാളികൾക്കു പോലും തോന്നിപ്പോകും.
2012 ലാണ് വൊസിഞ്ഞ കേപ്പ് വെർദെ രാജ്യാന്തര ടീമിലേക്ക് എത്തുന്നത്. നീണ്ട 14 വർഷത്തെ കരിയറിൽ ആദ്യമായി ലോകകപ്പ് പ്രവേശനം. അനായാസം മൂന്ന് പോയിന്റ് അടിച്ചെടുക്കാമെന്ന് കരുതി കളത്തിലിറങ്ങിയ സ്പാനിഷ് പട അക്ഷരാർഥത്തിൽ വൊസിഞ്ഞയ്ക്കു മുന്നിൽ വെള്ളം കുടിച്ചു. എങ്ങോട്ട് ഷോട്ട് എടുത്താലും അവിടെയെല്ലാം വൊസിഞ്ഞയുണ്ടല്ലോ എന്ന് സ്‌പെയിൻ താരങ്ങൾ തലചൊറിഞ്ഞുകൊണ്ട് പരസ്പരം പറയാൻ തുടങ്ങി.
സമനിലയിൽ സ്‌പെയിൻ ആശ്വസിക്കുമ്പോൾ കേപ്പ് വെർദെയ്ക്കു ഇത് വിജയത്തിനു തുല്യമാണ്. മുൻ ലോക ചാംപ്യൻമാർ, നിലവിലെ യൂറോ ചാംപ്യൻമാർ, ടിക്കി ടാക്കയിലൂടെ ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിച്ചവർ ഇതാ കേപ്പ് വെർദെയ്ക്കു മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു !
25 ഷോട്ടുകൾ സ്‌പെയിൻ പായിച്ചു. അതിൽ ഒന്നിനുപോലും കേപ്പ് വെർദെയുടെ വല കിലുക്കാൻ സാധിച്ചില്ല. ഗോൾ ആകുമെന്ന് ഉറപ്പുള്ള ഏഴ് ഷോട്ടുകൾ സേവ് ചെയ്തു. ബോക്‌സിനുള്ളിൽ നിന്ന് സ്പാനിഷ് മുന്നേറ്റം തട്ടിമാറ്റിയത് ആറ് തവണ, 27 ഷോട്ടുകൾ നേരിട്ടു, ബോൾ റിക്കവറീസ് 15 എണ്ണം...! പ്രായത്തെ തോൽപ്പിച്ചുകൊണ്ടാണ് കേപ്പ് വെർദെയുടെ പോസ്റ്റിനു മുന്നിൽ വൊസിഞ്ഞ പാറപോലെ ഉറച്ചുനിന്നത്.
വയസ് നാൽപത് ആയെങ്കിലും കളിക്കളത്തിൽ അപാരമായ മെയ് വഴക്കമാണ് വൊസിഞ്ഞ പുറത്തെടുത്തത്. അപ്രാപ്യമെന്നു തോന്നുന്ന സേവുകൾ ഒന്നിലേറെ..! മാത്രമല്ല പലപ്പോഴും സ്പാനിഷ് മുന്നേറ്റനിരയിലെ താരങ്ങളെ കബളിപ്പിക്കാനും വൊസിഞ്ഞയ്ക്കു സാധിച്ചു.