ആരാകും യൂറോപ്പിന്റെ രാജാക്കന്മാര്‍, ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം, പിഎസ്ജി ഇന്ന് ബയേണ്‍ മ്യൂണിക്കിനെതിരെ
കഴിഞ്ഞ സീസണില്‍ ട്രെബിള്‍ നേട്ടം സ്വന്തമാക്കിയ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ഈ സീസണിലും ആധിപത്യം തുടരുകയാണ്.
യൂറോപ്പിലെ പുതിയ ഫുട്‌ബോള്‍ രാജാക്കന്മാരെ നിശ്ചയിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിലെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കും. ഇന്ന് നടക്കുന്ന ക്ലാസിക് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. പാരീസിലാണ് ആദ്യപാദ മത്സരം നടക്കുക. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇതുവരെ ചാമ്പ്യന്‍സ് ലീഗ് നേടാത്ത അത്‌ലറ്റികോ മാഡ്രിഡ് ആഴ്‌സണലിനെ നേരിടും.
കഴിഞ്ഞ സീസണില്‍ ട്രെബിള്‍ നേട്ടം സ്വന്തമാക്കിയ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ഈ സീസണിലും ആധിപത്യം തുടരുകയാണ്. ചെല്‍സിയെ 8-2നെ തോല്‍പ്പിച്ച പിഎസ്ജി ലിവര്‍പൂളിനെ 4-0ത്തിന് തകര്‍ത്താണ് സെമിഫൈനലിലെത്തിയത്.
അതേസമയം റയല്‍ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബയേണ്‍. ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ് ഫൈനല്‍ യോഗ്യതയും നേടിയ ബയേണ്‍ ട്രെബിള്‍ നേട്ടത്തിന്റെ വക്കിലാണ്. ഗോളടിച്ചുകൂട്ടുന്ന ഇംഗ്ലണ്ട് നായകന്‍ കൂടിയായ ഹാരി കെയ്ന്‍, ഫ്രഞ്ച് വിസ്മയം മൈക്കല്‍ ഒലീസെ, കൊളമ്പിയന്‍ സൂപ്പര്‍ താരം ലൂയിസ് ഡിയാസ്, മധ്യനിരയില്‍ ജോഷ്വാ കിമ്മിച്ച്, ഗോള്‍ കീപ്പറായി മാനുവല്‍ നൂയര്‍ എന്നിവരുടെ സാന്നിധ്യമാണ് ബയേണിന്റെ കരുത്ത്.
ഇന്ന് നടക്കുന്ന മത്സരത്തിന് ശേഷം മെയ് 6നാണ് പിഎസ്ജിക്കെതിരായ രണ്ടാം പാദ സെമി നടക്കുക.