മെസ്സി പ്രീമിയർ ലീഗിലേക്കോ?, ബെക്കാം റൂൾ പ്രയോജനപ്പെടുത്താൻ ലിവർപൂൾ

Lionel messi
Lionel Messi
അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജനുവരി 2026 (17:49 IST)
ലണ്ടന്‍: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസ്സിക്ക് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ വഴിതെളിയുന്നു. മെസ്സിയെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂളാണ് നീക്കം നടത്തുന്നത്. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ കളിക്കുന്ന മെസ്സിയെ ഒരു ഹ്രസ്വകാല വായ്പാ കരാറില്‍ ടീമിലെത്തിക്കാനാണ് ലിവര്‍പൂളിന്റെ ശ്രമം.

ലോകകപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ ഏറെനാള്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട എന്നതാണ് മെസ്സിയുടെ തീരുമാനം. എന്നാല്‍ മേജര്‍ ലീഗ് സോക്കര്‍ സീസണ്‍ അവസാനിച്ചതിനാല്‍ മെസ്സിക്ക് മുന്നില്‍ 3 മാസത്തെ ഇടവേളയുണ്ട്. ഇത് പ്രയോജനപ്പെടുത്താനാണ് ലിവര്‍പൂളിന്റെ നീക്കം

എന്താണ്
ബെക്കാം റൂള്‍?


മേജര്‍ ലീഗ് സോക്കറില്‍ സീസണ്‍ അവസാനിക്കുന്ന ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ഇടവേളകളില്‍ താരങ്ങള്‍ക്ക് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കാന്‍ അനുവാദം നല്‍കുന്ന രീതിയെയാണ് ബെക്കാം റൂള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഡേവിഡ് ബെക്കാം എല്‍.എ ഗാലക്‌സിയില്‍ കളിക്കുമ്പോള്‍ ഇത്തരത്തില്‍ എ.സി മിലാനിലേക്ക് പോയിട്ടുണ്ട്. ഇതേ മാതൃക പിന്തുടര്‍ന്ന് മെസ്സിയെ പ്രീമിയര്‍ ലീഗിലെത്തിക്കാനാണ് ലിവര്‍പൂളിന്റെ ശ്രമം.


പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ലിവര്‍പൂള്‍. ആലോ അഞ്ചോ ആഴ്ച മെസ്സി ടീമിനൊപ്പം ഉണ്ടെങ്കില്‍ ആരാധക പിന്തുണയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ടീമിനാകുമെന്ന് ലിവര്‍പൂള്‍ കണക്കുക്കൂട്ടുന്നു.

ഇതിഹാസതാരമാണെങ്കിലും ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗാണ് പ്രീമിയര്‍ ലീഗ്. 38 വയസ്സില്‍ മെസ്സിക്ക് ലീഗിന്റെ വേഗതയോടും ശാരീരികക്ഷമതയോടും പൊരുത്തപ്പെടാനാകുമോ എന്നത് വലിയ വെല്ലുവിളിയാണ്. അതേസമയം മെസ്സിയെ ബെക്കാം റൂള്‍ പ്രകാരം ഇന്റര്‍ മയാമി വിട്ടുനല്‍കിയാലും യൂറോപ്പിലേക്ക് പോകുന്നതിന് പകരം ബാഴ്‌സലോണ എന്ന സാധ്യത മാത്രമാകും മെസ്സി പരിശോധിക്കുക. അതിനാല്‍ തന്നെ ലിവര്‍പൂളിലേക്ക് താരമെത്താനുള്ള സാധ്യതയും വിരളമാണ്. എന്നാല്‍ ഈ നീക്കം നടക്കുകയാണെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ വലിയ വാര്‍ത്തകളില്‍ ഒന്നായി ഇത് മാറും. ലിവര്‍പൂളിന്റെ ബ്രാന്‍ഡ് വാല്യു ഉയരാനും ഇത് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :