ലോകകപ്പ് കാണാൻ ഒടുവിൽ വഴിയൊരുങ്ങുന്നു!, സീയുമായി ഫിഫ അന്തിമ കരാറിലെത്തിയെന്ന് റിപ്പോർട്ടുകൾ
ലോകകപ്പിന്റെ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുറത്തുവരുന്ന ഈ വാര്‍ത്ത ഇന്ത്യന്‍ കായിക ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ കടുത്ത ആശങ്കയിലാഴ്ത്തിയ 2026 ഫിഫ ലോകകപ്പ് സംപ്രേഷണ പ്രതിസന്ധിക്ക് ഒടുവില്‍ പരിഹാരമാകുന്നു. ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്വന്തമാക്കാന്‍ രാജ്യത്തെ മുന്‍നിര മാധ്യമ ഭീമന്മാരായ 'ജിയോഹോട്ട്സ്റ്റാറും' 'സീ നെറ്റ്വര്‍ക്കും' സംയുക്തമായി കരാറിലേക്ക് അടുക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകകപ്പിന്റെ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുറത്തുവരുന്ന ഈ വാര്‍ത്ത ഇന്ത്യന്‍ കായിക ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ഇന്ത്യ ഉള്‍പ്പെടുന്ന വന്‍ വിപണിയില്‍ നിന്നും വലിയ തുക കൊയ്യാമെന്ന ഫിഫയുടെ കടുംപിടുത്തമാണ് തുടക്കത്തില്‍ സംപ്രേഷണം അനിശ്ചിതത്വത്തിലാക്കിയത്. 100 മില്യണ്‍ ഡോളറിലധികമാണ് ഫിഫ ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. 2026,2030 ലോകകപ്പുകളുടെ സംപ്രേക്ഷണവകാശമായിരുന്നു ഫിഫ ഓഫര്‍ ചെയ്തത്. എന്നാല്‍ പുലര്‍ച്ചെ നടക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നഷ്ടമുണ്ടാക്കുമെന്നതിനാല്‍ ബ്രോഡ്കാസ്റ്റര്‍മാരൊന്നും തന്നെ രംഗത്ത് വന്നില്ല. ഇതിനെ തുടര്‍ന്ന് ഫിഫ തുക 35 മില്യണ്‍ ഡോളറായി കുറയ്ക്കുകയായിരുന്നു.
റിലയന്‍സ്-ഡിസ്‌നി ലയനത്തിലൂടെ രൂപംകൊണ്ട ജിയോഹോട്ട്സ്റ്റാറും സീ ഗ്രൂപ്പും കൈകോര്‍ക്കുന്നതോടെ ഫിഫ മുന്നോട്ടുവെച്ച പുതുക്കിയ തുകയുടെ ബാധ്യത ഇരു കമ്പനികളും പങ്കിട്ടെടുക്കും. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ സംയുക്തമായി സ്വന്തമാക്കാനാണ് ഇവരുടെ നീക്കം.കരാര്‍ ഔദ്യോഗികമാകുന്നതോടെ ഇന്ത്യയിലെ കായികപ്രേമികള്‍ക്ക് ജിയോഹോട്ട്സ്റ്റാര്‍ പ്ലാറ്റ്ഫോമിലൂടെ (മൊബൈലിലും വെബ്സൈറ്റിലും) ലോകകപ്പ് മത്സരങ്ങള്‍ തത്സമയം ഡിജിറ്റലായി ആസ്വദിക്കാന്‍ സാധിക്കും. സീ നെറ്റ്വര്‍ക്കിന്റെ മുന്‍നിര സ്‌പോര്‍ട്‌സ്/വിനോദ ചാനലുകളിലൂടെ മത്സരങ്ങള്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തത്സമയമെത്തും.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍ ഭൂരിഭാഗവും ഇന്ത്യന്‍ സമയം പുലര്‍ച്ചെയും അര്‍ദ്ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. പ്രൈം ടൈമില്‍ അല്ലാത്തതിനാല്‍ പരസ്യവരുമാനം കുറയുമെന്ന ഭീതിയിലാണ് വന്‍കിട കമ്പനികള്‍ ആദ്യം ലേലത്തില്‍ നിന്ന് മാറിനിന്നത്. എന്നാല്‍, ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ വിപണിയായ ഇന്ത്യയെ പൂര്‍ണ്ണമായി കൈവിടാന്‍ ഫിഫയ്ക്ക് സാധിക്കില്ലെന്ന തിരിച്ചറിവാണ് അവസാന നിമിഷം കുറഞ്ഞ തുകയ്ക്ക് കരാര്‍ ഉറപ്പിക്കാന്‍ ഫിഫയെ പ്രേരിപ്പിച്ചത്.