ഫുൾ ഓൺ നിവിൻ ഷോ, കട്ടയ്ക്ക് പിടിച്ച് മമിതയും; ഓണം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തൂക്കി !
അങ്കമാലിയിലെ ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറച്ചിൽ
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു, ഐ ആം കാതലൻ...പ്രേക്ഷകർക്കുള്ള മിനിമം ഗ്യാരണ്ടിയിൽ ഗിരീഷ് എ.ഡിയുടെ ഫിലിമോഗ്രഫിയിലേക്ക് ഒന്നുകൂടി, 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. പരിചിതമായ കഥാ പരിസരവും അതിനേക്കാൾ പരിചിതമായ മനുഷ്യരെയും സ്‌ക്രീനിൽ കാണിച്ചിട്ടും രണ്ടര മണിക്കൂർ മനസറിഞ്ഞ് ചിരിക്കാനും മനസ് നിറഞ്ഞ് തിയറ്റർ വിടാനും പ്രേക്ഷകർക്ക് സാധിക്കുന്നുണ്ട്. ഈ ഓണത്തിനു ധൈര്യമായി കുടുംബസമേതം ടിക്കറ്റെടുക്കാവുന്ന ഒരു റൊമാൻസ്-കോമഡി ചിത്രം.
അങ്കമാലിയിലെ ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറച്ചിൽ. നാട്ടുകാർക്കിടയിൽ ഏറെ സുപരിചിതനും പ്രിയങ്കരനുമായ ജസ്റ്റിൻ എന്ന യുവാവും മുണ്ടക്കയത്ത് നിന്ന് ബെത്‌ലഹേം കുടുംബ യൂണിറ്റിലേക്ക് എത്തുന്ന ആഷ്‌ലിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ. ഇരുവരും തമ്മിൽ ഏതാണ്ട് 12 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. പുതിയൊരു നാട്ടിലേക്ക് പറിച്ചുനടപ്പെട്ട ആഷ്‌ലിക്ക് ജസ്റ്റിനോട് തോന്നുന്ന പ്രണയവും പ്രായം പ്രതിബന്ധമാകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പ്ലോട്ട്.
അടുപ്പം തോന്നുന്ന കഥാപാത്രങ്ങൾ
ജസ്റ്റിനായി നിവിൻ പോളിയും ആഷ്‌ലിയായി മമിത ബൈജുവും അഭിനയിച്ചിരിക്കുന്നു. ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇരുവരുടെയും കെമിസ്ട്രിയാണ്. പ്രണയത്തിലെ പ്രായവ്യത്യാസത്തെ വളരെ രസകരമായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവർക്കു പുറമേ വരുന്ന സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, മീനാക്ഷി രവീന്ദ്രൻ, ഷമീർ ഖാൻ തുടങ്ങി സിനിമയിലെ എല്ലാ കഥാപാത്രങ്ങളും നമുക്ക് വളരെ അടുപ്പം തോന്നുന്നവരാണ്.
സിറ്റ്വേഷണൽ കോമഡി
സിറ്റ്വേഷണൽ കോമഡികളാണ് പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കുന്നത്. നാട്ടിൻപുറത്തെ സുഹൃത്തുക്കൾക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംസാരമെല്ലാം ജസ്റ്റിനും സുഹൃത്തുക്കളും ഒന്നിച്ചുള്ള രംഗങ്ങളിൽ വേണ്ടുവോളം ഉണ്ട്.
ആദ്യ പകുതി ഗംഭീരം
സിനിമയുടെ പ്ലോട്ട് സെറ്റ് ചെയ്യുന്നതും കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ഇമോഷണലി കണക്ട് ചെയ്യുന്നതും ആദ്യ പകുതിയിൽ വിജയകരമായി പൂർത്തിയാക്കുന്നുണ്ട്. സിനിമയുടെ ഏറ്റവും എന്റർടൈനിങ് പാർട്ടും ആദ്യപകുതിയാണ്. രണ്ടാം പകുതി ഇടയ്‌ക്കൊന്ന് ഫ്‌ളാറ്റായി പോകുന്നുണ്ടെങ്കിലും അവസാനത്തേക്ക് എത്തുമ്പോൾ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ സിനിമയ്ക്ക് സാധിച്ചു.
ജസ്റ്റിൻ എന്ന കഥാപാത്രത്തിലേക്ക് നിവിൻ പോളിയെ അല്ലാതെ മറ്റൊരു നടനെയും സങ്കൽപ്പിക്കാൻ പ്രേക്ഷകർക്ക് സാധിക്കില്ല. തട്ടത്തിൻ മറയത്തും പ്രേമവും വടക്കൻ സെൽഫിയുമെല്ലാം പോലെ അയലത്തെ പയ്യൻ എന്ന് പ്രേക്ഷകർക്ക് തോന്നിക്കുമാറ് രസകരമായ ഒരു കഥാപാത്രം. ആദ്യദിനത്തിലെ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് ഇത്തവണ ഓണം നിവിൻ തൂക്കിയെന്ന് ഉറപ്പിച്ച് പറയാം.
അണിയറയിൽ
കിരൺ ജോസിക്കൊപ്പം ചേർന്ന് ഗിരീഷ് എ.ഡി തന്നെയാണ് കഥയുടെ ഭാഗമായിരിക്കുന്നത്. അജ്മൽ സാബുവിന്റെ ഛായാഗ്രഹണവും വിഷ്ണു വിജയ് നൽകിയ സംഗീതവും സിനിമയ്ക്ക് കൂടുതൽ മികവേകി. Also Read: സ്വന്തം കഥ വായിക്കാൻ പൃഥ്വിരാജിന് ടൈം ഇല്ലേ? നിരാശപ്പെടുത്തി 'ഖലീഫ'