രേണുക വേണു|
Last Modified വ്യാഴം, 8 ജനുവരി 2026 (19:09 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിലൂടെ ശക്തമായ തിരിച്ചുവരവ് നേടിയിരിക്കുകയാണ് നിവിൻ പോളി. പഴയ നിവിനെ തിരിച്ചുകിട്ടിയതിൻ്റെ ആഹ്ലാദത്തിൽ പ്രേക്ഷകരും ചിത്രത്തേയും പ്രഭയേയും ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇപ്പോഴിതാ സർവ്വം മായ ഒരു സാംപിൾ മാത്രമാണെന്ന് സൂചിപ്പിക്കുകയാണ് നിവിൻ പോളിയുടെ പുതിയ ചിത്രങ്ങൾ.
നിവിൻ പോളിയും ബ്ലോക്ക്ബസ്റ്റർ റോം കോം ചിത്രം 'പ്രേമലു' ടീമും ആദ്യമായി ഒന്നിക്കുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റിൻ്റെ സെറ്റിലേക്കെത്തിയിരിക്കുകയാണ് നിവിനിപ്പോൾ. സംവിധായകൻ ഗിരീഷ് എ ഡിയ്ക്കൊപ്പം സൊസിലെ മീഡിയയിലൂടെ നടൻ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്. സംഗീത് പ്രതാപും ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'നുണ്ട്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
'സർവ്വം മായ'യിലൂടെ തൻറെ സ്ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിൻ റൊമാൻറിക് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡിയോടൊപ്പം ഒരുമിക്കുമ്പോൾ 2026-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'