Patriot Box Office: 'അവർ ഒന്നിച്ചാൽ ബ്ലാസ്റ്റ് തന്നെ'; ആദ്യദിനം 40 കോടി ഉറപ്പിച്ച് പേട്രിയറ്റ്
മലയാളത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ട് ചെയ്തിരിക്കുന്നത് മോഹൻലാലിന്റെ എമ്പുരാൻ ആണ്
Patriot
Patriot: റിലീസ് ദിനത്തിൽ ഏറ്റവും കൂടുതൽ പണംവാരുന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രമായി 'പേട്രിയറ്റ്'. ഉച്ചവരെയുള്ള കണക്കനുസരിച്ച് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 35 കോടി പിന്നിട്ടു. വേൾഡ് വൈഡായി 40 കോടി ചിത്രം നേടുമെന്ന് ഇതോടെ ഉറപ്പായി.
മലയാളത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ട് ചെയ്തിരിക്കുന്നത് മോഹൻലാലിന്റെ എമ്പുരാൻ ആണ്. ഏതാണ്ട് 70 കോടിക്കടുത്താണ് എമ്പുരാൻ നേടിയത്.
പേട്രിയറ്റ് എങ്ങനെ?
18 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച 'പേട്രിയറ്റി'നു സമ്മിശ്ര പ്രതികരണം. രണ്ട് സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തുമ്പോൾ കുറേകൂടി മാസ് സിനിമയാണ് പ്രതീക്ഷിച്ചതെന്നാണ് ഇരുവരുടെയും ആരാധകർ പറയുന്നത്. അപ്പോഴും മോശമല്ലാത്ത രീതിയിൽ ടെക്നിക്കലി വളരെ മികച്ചതാണ് പേട്രിയറ്റ് എന്നും ഇവർ സമ്മതിക്കുന്നു.
ആദ്യ പകുതി ഗംഭീരമെന്നാണ് എല്ലാ പ്രേക്ഷകരും പറയുന്നത്. ഇന്റർവെൽ ബ്ലോക്ക് തിയറ്റർ കത്തിച്ചെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ രണ്ടാം പകുതിയിലേക്ക് എത്തിയപ്പോൾ സിനിമയുടെ ഗ്രാഫ് അൽപ്പം താഴ്ന്നു. രണ്ടാം പകുതിയും ക്ലൈമാക്സും ശരാശരി നിലവാരമേ പുലർത്തിയിട്ടുള്ളൂവെന്നും ആരാധകർ പറയുന്നു.
അതേസമയം ടെക്നിക്കലി മലയാളത്തിൽ വന്ന മികച്ച സിനിമകളിലൊന്നാണ് പേട്രിയറ്റ് എന്നും തിയറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്നുണ്ടെന്നും പ്രേക്ഷകർക്കു അഭിപ്രായമുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള രംഗങ്ങൾ സിനിമയുടെ നട്ടെല്ലാണ്. ഒരിടത്ത് പോലും ആ കഥാപാത്രങ്ങളുടെ സംഗമം കച്ചവട താൽപര്യത്തെ മുൻനിർത്തിയാണെന്ന് തോന്നിപ്പിക്കുന്നില്ല. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, സറിൻ ഷിഹാബ്, നയൻതാര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.