Bha Bha Ba Box Office: 'തിരിച്ചുവരവ് അടുത്ത സിനിമയില്‍ മതിയോ'; വീണ് 'ഭ.ഭ.ബ', മോഹന്‍ലാല്‍ ഫാക്ടറും രക്ഷിച്ചില്ല
ക്രിസ്മസ് അവധിക്കാലം ആരംഭിച്ചിട്ടും ദിലീപ് ചിത്രത്തിനു കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഡിമാന്‍ഡില്ല
Bha Bha Ba Box Office: ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ദിലീപ് ചിത്രം 'ഭ.ഭ.ബ'. മോഹന്‍ലാലിന്റെ സാന്നിധ്യം കൊണ്ടും 'ഭ.ഭ.ബ'യെ സാമ്പത്തികമായി രക്ഷിച്ചെടുക്കാന്‍ സാധിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ക്രിസ്മസ് അവധിക്കാലം ആരംഭിച്ചിട്ടും ദിലീപ് ചിത്രത്തിനു കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഡിമാന്‍ഡില്ല. റിലീസ് ചെയ്തു ആറാം ദിനമായ ഇന്നലെ 1.15 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. തിങ്കളാഴ്ചയും 1.1 കോടി മാത്രമായിരുന്നു കളക്ഷന്‍. ഇതോടെ ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ 18.65 കോടിയിലേക്ക് എത്തി.
റിലീസ് ദിനത്തില്‍ 7.20 കോടി കളക്ട് ചെയ്യാന്‍ 'ഭ.ഭ.ബ'യ്ക്കു സാധിച്ചിരുന്നു. സൂപ്പര്‍താരം മോഹന്‍ലാലിന്റെ കാമിയോ വേഷമാണ് ആദ്യദിനങ്ങളിലെ മികച്ച കളക്ഷനു കാരണം. ദിലീപിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണിത്. രണ്ടാം ദിനം ഏഴ് കോടിക്കടുത്ത് കളക്ട് ചെയ്യാന്‍ സാധിച്ചിരുന്നു.
അവധി ദിനങ്ങള്‍ ആയിട്ടും റിലീസിനു ശേഷമുള്ള ആദ്യ ശനി, ഞായര്‍ ദിവസങ്ങളില്‍ ബോക്സ്ഓഫീസില്‍ അത്ര വലിയ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ശനിയാഴ്ച കേരളത്തില്‍ നിന്ന് 2.16 കോടിയും ഞായറാഴ്ച 2.27 കോടിയും ലഭിച്ചു.
നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത 'ഭ.ഭ.ബ'യ്ക്കു ആദ്യദിനം മുതല്‍ മോശം പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇതാണ് ബോക്സ്ഓഫീസിലും അടിതെറ്റാന്‍ കാരണം.