തൊട്ടോ.. തൊട്ടില്ല, സർക്കസ്സുക്കാരെ നാണിപ്പിക്കുന്ന സെലിബ്രിറ്റി പ്രതികരണങ്ങൾ
സമീപകാലത്തെ ചില സെലിബ്രിറ്റി പ്രതികരണങ്ങള്‍ കണ്ടാല്‍ മമ്മൂട്ടിയുടെ വിധേയന്‍ സിനിമ ഓര്‍മയില്‍ വരും
പട്ടേലരുടെ സെന്റിന് എന്തൊരു മണമാ... സമീപകാലത്തെ ചില സെലിബ്രിറ്റി പ്രതികരണങ്ങള്‍ കണ്ടാല്‍ മമ്മൂട്ടിയുടെ വിധേയന്‍ സിനിമ ഓര്‍മയില്‍ വരുന്നവരെ കുറ്റം പറയാന്‍ ഒക്കില്ല. കാലം മാറി, വാര്‍ത്തകള്‍ പരക്കുന്ന ഇടമായി. സോഷ്യല്‍ മീഡിയ മാറി. ഇന്‍ഫ്‌ലുഫന്‍സേഴ്‌സ് മാര്‍ക്കറ്റിംഗ് വലിയ വരുമാനമുള്ള തൊഴിലായി മാറി. വരുമാനം നേടാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് മതിയെന്ന നിലയിലായിട്ടുണ്ട്. എന്നാല്‍ ഈ ഫോളോവേഴ്‌സ് ജനങ്ങളാണ്. ജനങ്ങളെന്നാല്‍ വരുമാനമാണ്. അപ്പോള്‍ ജനങ്ങളെ പിണക്കാന്‍ പറ്റുമോ? ഇല്ല, വരുമാനം മുട്ടും. എന്നാല്‍ ഒപ്പം നില്‍ക്കാന്‍ പറ്റുമോ?, ഇല്ല കതകില്‍ ഇഡി മുട്ടും.
വല്ലാത്ത അവസ്ഥയിലാണ് നാട്ടിലെ സെലിബ്രിറ്റിമാര്‍. അതില്‍ സിനിമയില്‍ ഹീറോ കളിക്കുന്ന ഒരെല്ല് കൂടുതലുള്ള നായകന്മാര്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ മോട്ടിവേഷന്‍ നല്‍കുന്ന എല്ലാ ചരാചരങ്ങളുമുണ്ട്. നീറ്റ് പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായതോടെ സത്യത്തില്‍ ഇവരാണ് പെട്ടുപോയത്. ഇങ്ങനെ സോഷ്യല്‍ മീഡിയയിലും അല്ലെങ്കില്‍ സില്‍വര്‍ സ്‌ക്രീനിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന ഊതിവീര്‍പ്പിച്ച ബലൂണുകളാണ് ഓരോന്നായി കാറ്റഴിഞ്ഞുകൊണ്ടിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യത്തിനൊപ്പം നിന്നാല്‍ ഭരിക്കുന്നവരെ പിണക്കേണ്ടി വരും എന്ന ധാരണയുള്ളതിനാല്‍ നരകത്തില്‍ തലനാരിഴയ്ക്ക് മുകളില്‍ നടക്കുന്നതിലും മെയ് വഴക്കത്തിലാണ് ഇവരില്‍ 90 ശതമാനത്തിന്റെയും ട്വീറ്റുകളും പ്രതികരണങ്ങളും. ഹുമ ഖുറേഷി, ഷബാന അസ്മി, പ്രകാശ് രാജ് തുടങ്ങി ഒരുനിര താരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ 2 വഞ്ചിയിലും കാല്‍കുത്തി വെള്ളത്തില്‍ മൂക്കും കുത്തി വീഴുകയാണ് പലരും.
ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ വിദ്യാര്‍ഥികളുടെ സമരം ന്യായമാണെന്നും പ്രതിഷേധങ്ങള്‍ക്കൊപ്പമാണെന്നും പറഞ്ഞതിന് പിന്നാലെയാണ് പല ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും അനക്കം വെച്ചത്. സല്‍മാന്‍ ഖാന് മിണ്ടാമെങ്കില്‍ നിങ്ങള്‍ക്കായിക്കൂടെ എന്ന ജനങ്ങളുടെ ചോദ്യം ഭയന്നുകൊണ്ടുള്ള പ്രതികരണം. പ്രതികരിച്ച് ഇറാക്കാനും വയ്യ, തുപ്പാനും വയ്യ എന്ത് ചെയ്യാന്‍. ജി പാവമാണ്, കുട്ടികള്‍ ആരോഗ്യം നോക്കണം, ദേഹത്ത് മണ്ണ് പറ്റരുത്. നിങ്ങളുടെ ആവശ്യം ന്യായമാണ്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. വിവിധ താളത്തില്‍ ഒരേ പല്ലവി.
വൈകുന്നേരം സല്ലു ഭായ് ഗിയര്‍ മാറ്റി. സോനം വാങ് ചുക്ക് നിങ്ങള്‍ നിരാഹാരം അവസാനിപ്പിച്ചല്ലോ, ഞാന്‍ നല്ലൊരു ഡിന്നര്‍ തരാം. കുട്ടികളെ വീട്ടില്‍ പോയി അച്ഛനെയും അമ്മയേയും കാണ് എന്നായി ഭായി. മറ്റ് ഖാന്‍ മാര്‍ക്കും കപൂര്‍മാര്‍ക്കും പ്രതികരിക്കേണ്ടി വന്നില്ല. എന്തിന് അങ്ങനൊരു പ്രഹസനം. കേരളത്തിലും വ്യത്യസ്തമല്ല സ്ഥിതി. പലരും വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പിന്തുണ പ്രഖ്യാപിച്ചെങ്കില്‍ പിന്നീട് വന്ന സകല മുള്ള്, മുരിക്ക്, കാഞ്ഞിരക്കുറ്റിയുടെയെല്ലാം ശബ്ദം ഒരുപോലെ..