അഭിറാം മനോഹർ|
Last Modified വെള്ളി, 2 ജനുവരി 2026 (13:18 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വിശ്വസ്ത താരമായ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഷസ് പരമ്പരയിലെ അവസാന മത്സരം തന്റെ ക്രിക്കറ്റ് കരിയറിലെയും അവസാന മത്സരമാകുമെന്ന് ഖവാജ വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 2011ല്‍ സിഡ്‌നിയില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ഖവാജ കരിയറിലെ 88മത്തെ ടെസ്റ്റ് മത്സരമാണ് ഓസീസിനായി കളിക്കാനൊരുങ്ങുന്നത്.
പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ ജനിച്ച് പിന്നീട് ഓസ്‌ട്രേലിയയില്‍ വളര്‍ന്ന ഖവാജ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ആദ്യ പാകിസ്ഥാന്‍ വംശജനായ ക്രിക്കറ്റ് താരമാണ്. പാകിസ്ഥാനില്‍ നിന്നും വന്ന വ്യക്തിയായതിനാല്‍ ഒരിക്കലും തനിക് ഓസ്‌ട്രേലിയന്‍ ടീമില്‍ കളിക്കാനാകില്ലെന്ന് പലരും പറഞ്ഞിരുന്നതായി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഖവാജ വികാരാധീനനായി പറഞ്ഞു. 15 വര്‍ഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറില്‍ 6,200-ലധികം റണ്‍സും 16 സെഞ്ചുറികളും ഖവാജ സ്വന്തമാക്കിയിട്ടുണ്ട്.
ഉസ്മാന്‍ ഖവാജ ഫൗണ്ടേഷനിലൂടെ മോശം സാഹചര്യങ്ങളിലുള്ള അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും വിദ്യഭ്യാസത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായി നിരവധി സഹായങ്ങള്‍ താരം ചെയ്യുന്നുണ്ട്. കുടുംബത്തിന്റെയും സഹതാരങ്ങളുടെയും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് താരം തന്റെ വിടവാങ്ങല്‍ തീരുമാനം അറിയിച്ചത്.