'ടി20 ലോകകപ്പിന് ശേഷം കാര്യങ്ങൾ പ്രയാസകരമായിരുന്നു'; ടീമിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ച് മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്
ടീമില്‍ നിന്ന് പുറത്തായതിന് ശേഷമുള്ള നിരാശയില്‍ നിന്ന് കരകയറാന്‍ ഭാര്യ ദേവിഷ ഷെട്ടിയാണ് തന്നെ സഹായിച്ചതെന്ന് സൂര്യകുമാര്‍ പറഞ്ഞു.
ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ ഇടം നഷ്ടമായതിന് പറ്റി മനസ്സ് തുറന്ന് മുന്‍ ഇന്ത്യന്‍ ടി20 നായകനായ സൂര്യകുമാര്‍ യാദവ്. മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ലോകകപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ രണ്ട് മാസങ്ങള്‍ തനിക്ക് വളരെ പ്രയാസകരമായിരുന്നുവെന്ന് സൂര്യകുമാര്‍ തുറന്നുപറഞ്ഞത്.
ലോകകപ്പ് വിജയത്തിന് ശേഷമുള്ള ദിനങ്ങള്‍ ഏറെ പ്രയാസകരമായിരുന്നു. സത്യത്തില്‍ നിന്ന് ഓടിയൊളിച്ച് കാര്യമില്ലല്ലോ. സ്വയം സത്യസന്ധത പുലര്‍ത്തിയെങ്കിലെ ജീവിതം സന്തോഷമുള്ളതാകു. സത്യമായി പറഞ്ഞാല്‍ വളരെ ദുഷ്‌കരമായ അവസ്ഥയിലായിരുന്നു. ഐപിഎല്ലിന്റെ സമയത്ത് മെയ്യില്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായത് എന്റെ ശ്രദ്ധ പൂര്‍ണ്ണമായും അവളിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ അവളുടെ ഒപ്പം ഏറെ മനോഹരമായിരുന്നു. എന്നാല്‍ ഒരു കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലിന് ശേഷമുള്ള 2 മാസത്തെ കാലം എനിക്ക് ഏറെ പ്രയാസകരമായിരുന്നു. സൂര്യ പറഞ്ഞു.
VIDEO | Mumbai: “First two months after 2026 T20 World Cup win were difficult for me”, says cricketer Suryakumar Yadav. (Full video available on PTI Videos - https://t.co/d8jp61yd2p) https://t.co/JSGuTZpJnN
— Press Trust of India (@PTI_News) November 10, 2026
ടീമില്‍ നിന്ന് പുറത്തായതിന് ശേഷമുള്ള നിരാശയില്‍ നിന്ന് കരകയറാന്‍ ഭാര്യ ദേവിഷ ഷെട്ടിയാണ് തന്നെ സഹായിച്ചതെന്ന് സൂര്യകുമാര്‍ പറഞ്ഞു. 15-ാം വയസ്സില്‍ മുംബൈ അണ്ടര്‍-15 ടീമില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്ന അതേ സ്‌നേഹവും ആവേശവും ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ഭാര്യയുടെ ഉപദേശമാണ് വഴിത്തിരിവായത്. 10-15 വര്‍ഷം മുമ്പ് ചെയ്തതുപോലെ വീണ്ടും കഠിന പരിശീലനം ആരംഭിച്ചുവെന്നും കളിയോടുള്ള പഴയ അഭിനിവേശം തിരിച്ചുകിട്ടിയെന്നും സൂര്യ പറയുന്നു. നിലവില്‍ വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ ടീമിനെ നയിക്കാനും ടീമിന് കിരീടം നേടി കൊടുക്കാനുമാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
