ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

സഞ്ജുവാകട്ടെ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചും ഒട്ടും ആത്മവിശ്വാസമില്ലാത്തവന്റെ ബോഡി ലാഗ്വേജുമായാണ് കളിച്ചത്.

Ishan kishan, Sanju samson, Sanju batting technique, sanju confidence,ഇഷാൻ കിഷൻ, സഞ്ജു സാംസൺ, സഞ്ജു ബാറ്റിംഗ് ടെക്നിക്, സഞ്ജു ആത്മവിശ്വാസം
അഭിറാം മനോഹർ| Last Updated: ഞായര്‍, 1 ഫെബ്രുവരി 2026 (09:40 IST)
ഇന്ത്യ- ന്യൂസിലന്‍ഡ് പരമ്പരയിലെ അവസാന ടി20 മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ സഞ്ജു സാംസണിന്റെ ഒരു മികച്ച പ്രകടനമായിരുന്നു കാണികള്‍ പ്രതീക്ഷിച്ചിരുന്നത്. സഞ്ജുവില്‍ നിന്ന് ഒരു 50+ പ്രകടനമോ സെഞ്ചുറിയോ പോലും പ്രതീക്ഷിച്ചിരുന്നവരായിരുന്നു കാണികള്‍. എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ മൊത്തം കയ്യടിയും നേടിയത് ലോകകപ്പ് ടീമില്‍ സഞ്ജുവിന്റെ സ്ഥാനത്തിന് എതിരാളിയായിട്ടുള്ള ഇഷാന്‍ കിഷനായിരുന്നു. ന്യൂസിലന്‍ഡ് ബൗളിങ്ങിനെ തകര്‍ത്തെറിഞ്ഞ് സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ ഇഷാന്‍ ആരാകും ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് വിക്കറ്റ് കീപ്പര്‍ ചോയ്‌സ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കി കഴിഞ്ഞു.


മത്സരത്തില്‍ ലെഗ് സ്പിന്നര്‍ ഇഷ് സോധിയുടെ ഒരോവറില്‍ 29 റണ്‍സ് അടിച്ചതടക്കം തന്റെ ഇന്നിങ്ങ്‌സില്‍ ഒന്നടങ്കം തുടര്‍ച്ചയായി ബൗണ്ടറികളും സിക്‌സറുകളും പായിച്ച ഇഷാന്‍ ഒരിക്കല്‍ പോലും മത്സരത്തില്‍ തന്റെ ഗിയര്‍ ചെയ്ഞ്ച് ചെയ്തില്ല. മറുവശത്ത് സഞ്ജുവാകട്ടെ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചും ഒട്ടും ആത്മവിശ്വാസമില്ലാത്തവന്റെ ബോഡി ലാഗ്വേജുമായാണ് കളിച്ചത്. ഒരു മോശം ഷോട്ടിലൂടെ വീണ്ടും തന്റെ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ നിരാശയല്ലാതെ ഒന്നും സഞ്ജുവിന്റെ മുഖത്തുണ്ടായിരുന്നില്ല. ട്രിഗര്‍ മൂവ്‌മെന്റില്‍ ബാക്ക് ഫൂട്ടിലേക്ക് പോകുന്ന സഞ്ജുവിന്റെ ബാറ്റിംഗ് ടെക്‌നിക് പരമ്പരയില്‍ ഒന്നടങ്കം ചോദ്യം ചെയ്യപ്പെട്ടു.

ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ ഒഴികെ എല്ലാ ഇന്ത്യന്‍ താരങ്ങളും മൈതാനത്ത് വെടിക്കെട്ട് പ്രകടനം തീര്‍ത്തു. 43 പന്തിലാണ് ഇഷാന്‍ കിഷന്‍ 103 റണ്‍സ് അടിച്ചെടുത്തത്.

ന്യൂസിലാന്‍ഡിനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഒരാള്‍ മാത്രം വേദി കയ്യടക്കിയെങ്കില്‍, അത് ഇഷാന്‍ കിഷനായിരുന്നു. വെടിക്കെട്ടുപോലെയുള്ള ബാറ്റിംഗിലൂടെ കിഷന്‍ ന്യൂസിലാന്‍ഡ് ബൗളിംഗ് ആക്രമണത്തെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞപ്പോള്‍, സഞ്ജു സാംസന്‍ വീണ്ടും അവസരം നഷ്ടപ്പെടുത്തിയതോടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആറു ഫോറും പത്ത് സിക്സും ഉള്‍പ്പെട്ട ആ ഇന്നിങ്‌സ് ഒരു ഇഷാന്‍ ഷോ തന്നെയായി മാറി. തുടക്കത്തില്‍ അഭിഷേക് ശര്‍മ 16 പന്തില്‍ 30 റണ്‍സുമായും സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സുമായും ഇന്ത്യയ്ക്കായി തിളങ്ങി. 17 പന്തില്‍ 42 റണ്‍സുമായി ഹാര്‍ദ്ദിക്കും തിളങ്ങിയതോടെ ഇന്ത്യ വമ്പന്‍ സ്‌കോറിലെത്തുകയായിരുന്നു.


സഞ്ജു മോശം പ്രകടനം 5 ഇന്നിങ്ങ്‌സിലും നടത്തിയപ്പോള്‍ കിട്ടിയ അവസരങ്ങളെല്ലാം ഇഷാന്‍ കിഷന്‍ മുതലാക്കുകയാണുണ്ടായത്. ഇന്ത്യന്‍ ടീമില്‍ ഏറെക്കാലത്തിന് ശേഷമാണ് മടങ്ങിവരവെങ്കിലും കിട്ടിയ അവസരങ്ങളിലെല്ലാം തിളങ്ങിയ ഇഷാന്‍ വലിയ പാഠമാണ് സഞ്ജുവിന് നല്‍കുന്നത്. അവസരങ്ങള്‍ എപ്പോഴും തളികയില്‍ വെച്ച് നിങ്ങള്‍ക്ക് മുന്നിലെത്തില്ല. കിട്ടുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ അസാമാന്യമായ ആത്മവിശ്വാസം കൂടിയെ തീരു. സഞ്ജു ഇഷാനില്‍ നിന്നും പഠിക്കേണ്ടതും ഈ പാഠമാണെന്നാണ് ആരാധകരും പറയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :