രേണുക വേണു|
Last Modified വെള്ളി, 30 ജനുവരി 2026 (11:05 IST)
Sanju Samson : മൈതാനത്തിനകത്തും പുറത്തും ഉറ്റ സുഹൃത്തുക്കള്‍, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തോളോട് തോള്‍ ചേര്‍ന്ന് പോരാടിയവര്‍. സഞ്ജു സാംസണും യുസ്വേന്ദ്ര ചാഹലും തമ്മിലുള്ള ആത്മബന്ധം ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിതമായ കാര്യമാണ്. എന്നാല്‍ സൗഹൃദത്തിനപ്പുറം പ്രൊഫഷണലിസത്തിലേക്ക് വരുമ്പോള്‍ സഞ്ജുവിന്റെ നിലവിലെ പ്രകടനങ്ങളില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഉറ്റ സുഹൃത്തായ യുസ്വേന്ദ്ര ചാഹല്‍.
പത്ത് വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായ സഞ്ജുവിന് 'സമ്മര്‍ദ്ദം' എന്നത് ഇനി ഒരു ഒഴികഴിവായി പറയാനാവില്ലെന്ന് ചാഹല്‍ ജിയോ ഹോട്ട്സ്റ്റാറിലെ ചര്‍ച്ചയ്ക്കിടയില്‍ വ്യക്തമാക്കിയത്. ടി20 ലോകകപ്പിന് തൊട്ട് മുന്‍പായി ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു നിറം മങ്ങിയ പശ്ചാത്തലത്തിലാണ് ചാഹലിന്റെ പ്രതികരണം. പത്തോ പന്ത്രണ്ടോ വര്‍ഷമായി സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. ഇത്രയും അനുഭവസമ്പത്തുള്ള ഒരു താരത്തിന് സമ്മര്‍ദ്ദമെന്ന ഒഴികഴിവ് പറയാനാകില്ല. ഒന്നോ രണ്ടോ
മത്സരങ്ങളില്‍ പരാജയപ്പെടുന്നത് സ്വാഭാവികമാണ്, എന്നാല്‍ തുടര്‍ച്ചയായി ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കാനാവാത്തത് അംഗീകരിക്കാനാവില്ലെന്നും ചാഹല്‍ പറഞ്ഞു.
അതേസമയം ഇഷാന്‍ കിഷനെപോലുള്ള താരങ്ങള്‍ അവസരം കാത്തിരിക്കുകയാണെന്ന് ചാഹല്‍ ഓര്‍മപ്പെടുത്തകയും ചെയ്തു. മൂന്നാം നമ്പറില്‍ ഇഷാന്‍ മനോഹരമായി ബാറ്റ് ചെയ്യുന്നു. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരം സഞ്ജുവിന്റെ നാട്ടിലായതിനാല്‍ സഞ്ജുവിന് അവസരം നല്‍കണോ അതോ ഇഷാനെ കളിപ്പിക്കണോ അതെല്ലാം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളായിരിക്കുമെന്നും ചാഹല്‍ പറഞ്ഞു. ലോകകപ്പിന് ഇനിയും സമയമുണ്ടെങ്കിലും ഓപ്പണിങ്ങില്‍ തിളങ്ങാനായില്ലെങ്കില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.