Hardik Pandya: 'നിനക്കിപ്പോൾ ക്യാപ്റ്റൻസി വേണ്ടേ? വാശിയെല്ലാം ഉപേക്ഷിച്ചോ?'; ഹാർദിക് പാണ്ഡ്യക്കെതിരെ മുംബൈ ആരാധകർ
Hardik Pandya: മുംബൈ ഇന്ത്യൻസ് വിട്ട ഹാർദിക് പാണ്ഡ്യക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മുംബൈ ആരാധകർ തന്നെയാണ് ഹാർദിക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ട്രേഡിങ്ങിലൂടെ പഞ്ചാബ് കിങ്‌സിലേക്കാണ് ഹാർദിക് പോയത്.
മുംബൈ ഇന്ത്യൻസിനൊപ്പമാണ് ഹാർദിക് ഐപിഎൽ കരിയർ ആരംഭിച്ചത്. പിന്നീട് 2022 ൽ ഹാർദിക് ഗുജറാത്ത് ടൈറ്റൻസിന്റെ പ്രഥമ നായകനായി. അന്ന് മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക് ഹാർദിക് പോയത് ക്യാപ്റ്റൻസി ഉറപ്പിച്ച ശേഷമാണ്. നായകസ്ഥാനം നൽകുകയാണെങ്കിൽ ഗുജറാത്തിലേക്ക് വരാമെന്നായിരുന്നു ഹാർദിക്കിന്റെ നിലപാട്.
2024 ൽ ഹാർദിക് വീണ്ടും മുംബൈയിലേക്ക് തിരിച്ചെത്തി. അപ്പോഴും നായകസ്ഥാനത്തിനായി സമ്മർദ്ദം ചെലുത്തി. രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ നായകനാക്കാൻ മുംബൈ തീരുമാനിക്കുകയും ചെയ്തു. നായകസ്ഥാനത്തിനായി ഹാർദിക് സമ്മർദ്ദം ചെലുത്തിയതിൽ അന്നേ ആരാധകർക്ക് അമർഷമുണ്ടായിരുന്നു. കളിക്കളത്തിൽ ഹാർദിക് നിൽക്കുമ്പോൾ മുംബൈ ആരാധകർ പരിഹസിച്ച് കൂവുന്ന അവസ്ഥ പോലും ഉണ്ടായി.
ഇപ്പോൾ പഞ്ചാബിലേക്കാണ് ഹാർദിക് കൂട് മാറിയിരിക്കുന്നത്. എന്നാൽ ഇത്തവണ നായകസ്ഥാനം ഇല്ല. നിലവിലെ നായകനായ ശ്രേയസ് അയ്യരിന് കീഴിൽ കളിക്കാമെന്ന് ഹാർദിക് സമ്മതിക്കുകയായിരുന്നു. അതേസമയം നായകസ്ഥാനത്തിനായി ഇത്തവണയും ഹാർദിക് അവകാശവാദമുന്നയിച്ചു. പക്ഷേ ശ്രേയസിനെ നായകസ്ഥാനത്ത് മാറ്റാൻ സാധ്യമല്ലെന്ന് പഞ്ചാബ് ഫ്രാഞ്ചൈസി നിലപാടെടുക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിൽ മുംബൈ മോശം പ്രകടനമാണ് നടത്തിയത്. അതിനു കാരണം ഹാർദിക്കിന്റെ ക്യാപ്റ്റൻസിയാണെന്ന വിമർശനം ശക്തമായിരുന്നു. ഇതിനിടയിലാണ് താരത്തിന്റെ ഫ്രാഞ്ചൈസി മാറ്റം.
ഹാർദിക് പാണ്ഡ്യ 18 കോടിക്കാണ് പഞ്ചാബിൽ എത്തിയിരിക്കുന്നത്. നേരത്തെ 16.35 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. Also Read: രോഹിത് വീണ്ടും നായകനാകുമോ? തിലക് വർമയ്ക്ക് കൂടുതൽ സാധ്യത
