ടി20 ലോകകപ്പ് 2026: സൂപ്പർ എട്ടിൽ ഇന്ത്യയുടെ എതിരാളികളുടെ ചിത്രം തെളിഞ്ഞു, മത്സരങ്ങൾ എപ്പോൾ?
ഫെബ്രുവരി 22-ന് അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം.
ടി20 ലോകകപ്പ് 2026-ലെ സൂപ്പര്‍ എട്ട് ഘട്ടത്തില്‍ ഇന്ത്യ നേരിടേണ്ട എതിരാളികളുടെ ചിത്രം തെളിഞ്ഞു. 7 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കിയതോടെയാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ മത്സരങ്ങളുടെ ചിത്രം വ്യക്തമായത്. ദക്ഷിണാഫ്രിക്ക, സിംബാബ്വേ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെയാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ നേരിടുക.
ഫെബ്രുവരി 22-ന് അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 26-ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ സിംബാബ്വേയെയും മാര്‍ച്ച് 1-ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ഇന്ത്യ നേരിടും. 3 മത്സരങ്ങളും വൈകീട്ട് 7 മണിക്കാണ് ആരംഭിക്കുക.
ഗ്രൂപ്പ് ബി-യില്‍ അയര്‍ലന്‍ഡുമായുള്ള മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതോടെയാണ് സിംബാബ്വേ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്. ഇതോടെ മുന്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്ക, നമീബിയ, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ നേടിയാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചത്.
ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് മാര്‍ച്ച് 8നാണ് അവസാനിക്കുക. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളാണ് നിലവില്‍ ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തുന്നത്. സൂപ്പര്‍ എട്ടിലെ ഓരോ ഗ്രൂപ്പില്‍ നിന്നും ടോപ് 2 ടീമുകള്‍ മാര്‍ച്ച് 4, 5 തീയതികളിലെ സെമിഫൈനലിലേക്ക് യോഗ്യത നേടും. ഈ മത്സരങ്ങളിലെ വിജയികളാകും ഫൈനലില്‍ ഏറ്റുമുട്ടുക.
