ഇഷാന്റെ ജീവിതത്തില്‍ പ്രണയത്തിന്റെ സിക്‌സര്‍, ഇഷാന്‍- അദിതി പ്രണയം സ്ഥിരീകരിച്ച് കുടുംബം

ഇഷാന്‍ കിഷനും പ്രശസ്ത മോഡല്‍ അദിതി ഹുണ്ടിയയും തമ്മിലുള്ള ബന്ധം ഇഷാന്റെ മുത്തച്ഛനായ അനുരാഗ് പാണ്ഡെയാണ് പരസ്യമാക്കിയത്.

Ishan kishan's family confirms romance with model aditi hundia
അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ഫെബ്രുവരി 2026 (13:01 IST)
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍ ഇത്തവണ ചര്‍ച്ചാവിഷയം താരത്തിന്റെ ബാറ്റിംഗ് മാത്രമല്ല, വര്‍ഷങ്ങളായി ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന പ്രണയബന്ധത്തിന്റെ ഔദ്യോഗിക സ്ഥിരീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇഷാന്‍ കിഷനും പ്രശസ്ത മോഡല്‍ അദിതി ഹുണ്ടിയയും തമ്മിലുള്ള ബന്ധം ഇഷാന്റെ മുത്തച്ഛനായ അനുരാഗ് പാണ്ഡെയാണ് പരസ്യമാക്കിയത്.

ബിഹാറിലെ ഔറംഗബാദിലുള്ള തറവാട്ട് വീട്ടില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് അനുരാഗ് പാണ്ഡെ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്. 'അദിതി ഇഷാന്റെ കാമുകിയാണ്. അവളൊരു മികച്ച മോഡലാണ്. ഇഷാന്‍ ആരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാലും ഞങ്ങള്‍ക്ക് പൂര്‍ണ്ണ സമ്മതമാണ്. കുട്ടികളുടെ സന്തോഷമാണ് ഞങ്ങള്‍ക്ക് പ്രധാനം,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.

2019-ലെ ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിരുന്ന ഇഷാനെ പിന്തുണയ്ക്കാന്‍ ഗാലറിയിലെത്തിയ അദിതിയുടെ ചിത്രങ്ങള്‍

വൈറലായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.പിന്നീട് പല വിദേശ പര്യടനങ്ങളിലും ഇഷാനൊപ്പം അദിതിയെയും കണ്ടെത്തിയിരുന്നു.ജയ്പൂര്‍ സ്വദേശിയായ അദിതി ഹുണ്ടിയ 2017-ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റും 2018-ലെ മിസ് സുപ്രനാഷണല്‍ ഇന്ത്യ ജേതാവുമാണ്.

പ്രണയവാര്‍ത്തകള്‍ക്കിടെ നിലവില്‍ ഇന്ത്യന്‍ ടീമില്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് ഇഷാന്‍ നടത്തുന്നത്. പാകിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തില്‍ 40 പന്തില്‍ 77 റണ്‍സെടുത്ത ഇഷാന്റെ പ്രകടനമാണ് മത്സരഗതിയെ മാറ്റി മറിച്ചത്. ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് പുറത്തായിരുന്ന ഇഷാന്‍ ലോകകപ്പിന് തൊട്ടുമുന്‍പായാണ് ഇന്ത്യന്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയത്. ആഭ്യന്തര ലീഗില്‍ ജാര്‍ഖണ്ഡിനായി നടത്തിയ പ്രകടനങ്ങളാണ് ഇഷാന് തുണയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :