ടെസ്റ്റിൽ തിരിച്ചെത്തി ബുമ്ര, സാരാൻഷ് ജെയ്ൻ പുതുമുഖം, ശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
അഫ്ഗാനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ സ്പിന്നര്‍ മാനവ് സുതാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
അടുത്തമാസം ശ്രീലങ്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും സായ് സുദര്‍ശനും ഉപാധികളോടെ ടീമില്‍ തിരിച്ചെത്തി. ബെംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്ന് ഫിറ്റ്‌നസ് തെളിയിച്ചാല്‍ താരങ്ങള്‍ക്ക് ടീമിന്റെ ഭാഗമാകാം. പരിക്കേറ്റ വാഷിങ്ങ്ടണ്‍ സുന്ദര്‍ ആദ്യ ടെസ്റ്റിലില്ല. ഫിറ്റ്‌നസ് തെളിയിച്ചാല്‍ രണ്ടാം ടെസ്റ്റോടെ താരം മടങ്ങിയെത്തും.
ശ്രീലങ്കന്‍ എ ടീമിനെതിരെ ചതുര്‍ദിന മത്സരത്തില്‍ 70 റണ്‍സും 6 വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയ ഓഫ് സ്പിന്നര്‍ സാരാന്‍ഷ് ജെയ്‌നാണ് ടീമിലെ പുതുമുഖം. അഫ്ഗാനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ സ്പിന്നര്‍ മാനവ് സുതാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ജസ്പ്രീത് ബുമ്രയെ കൂടാതെ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും ധ്രുവ് ജുറലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടേണ്ടതുണ്ട്. പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന് പരമ്പര നിര്‍ണായകമാണ്. സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി നേരിട്ട ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ഓഗസ്റ്റ് 15, 23 തീയതികളിലാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.
ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീം
ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത്, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍
