ഒരു ടൂര്‍ണമെന്റ് മുഴുവന്‍ കളിക്കാന്‍ കളിക്കാര്‍ക്ക് പറ്റുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് മാനേജ്‌മെന്റ് ചോദ്യമുനയില്‍
ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിലെ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമതയെ പറ്റിയുള്ള ആശങ്കകള്‍ കനക്കുന്നു. നേരത്തെ തന്നെ ഹാര്‍ദ്ദിക് പാണ്ഡ്യ ഉള്‍പ്പെടുന്ന പല താരങ്ങളും പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു. ഹാര്‍ദ്ദിക്കിന് പകരക്കാരനായി നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്തിയെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയും പരിക്ക് മൂലം പുറത്തായിരുന്നു. പരമ്പരയില്‍ ഹര്‍ഷിത് റാണ, വാഷിങ്ങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങള്‍ക്കും പരിക്കേറ്റു. ഇതോടെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ തന്നെ താരങ്ങളുടെ ഫിറ്റ്‌നസിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ പരസ്യമാക്കിയിരുന്നു. 2- 3 മത്സരങ്ങള്‍ കളിക്കുമ്പോള്‍ തന്നെ പരിക്കുകള്‍ ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ 11 മത്സരങ്ങള്‍ കളിക്കേണ്ട ഏകദിന ലോകകപ്പില്‍ എങ്ങനെ ഇന്ത്യ കളിക്കുമെന്ന ചോദ്യമാണ് ശുഭ്മാന്‍ ഗില്‍ ഉയര്‍ത്തിയത്.
മെഡിക്കല്‍ വിഭാഗം മേധാവിയായിരുന്ന നിതിന്‍ പട്ടേലിന്റെ പടിയിറക്കത്തിന് ശേഷം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പുതിയ മേധാവിയെ നിയമിച്ചിട്ടില്ല.ഡ്രസ്സിംഗ് റൂമും സെന്റര്‍ ഓഫ് എക്‌സലന്‍സും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ മൂലം താരങ്ങള്‍ക്ക് പൂര്‍ണ്ണ കായികക്ഷമത നേടുന്നതിന് മുന്‍പെ മത്സരത്തില്‍ ഇറങ്ങേണ്ടി വരുന്നതുമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. നേരത്തെ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അഭാവം നികത്താന്‍ യുവ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ 140 കി.മീ വേഗതയില്‍ പന്തെറിയാന്‍ ടീം മാനേജ്‌മെന്റ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. താരത്തിന് പരിക്കേല്‍ക്കാന്‍ ഇത് ഇടയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാകും മുന്‍പാണ് ഹര്‍ഷിത് റാണയ്ക്ക് CoE ക്ലിയറന്‍സ് നല്‍കിയത്.
ഏകദിനം, ടെസ്റ്റ്, ട്വന്റി-20 എന്നിങ്ങനെ എല്ലാ ഫോര്‍മാറ്റിലും കളിക്കാത്ത താരങ്ങള്‍ക്ക് നാഷണല്‍ ടീം ക്യാമ്പുകള്‍ ഇല്ലാത്ത സമയത്ത് കൃത്യമായ മെഡിക്കല്‍ പിന്തുണയോ ഫിറ്റ്‌നസ് നിര്‍ദ്ദേശങ്ങളോ ലഭിക്കുന്നില്ലെന്നും പരാതികളുണ്ട്. ഇത് കളിക്കാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കാലത്ത് പ്രധാന ഐ.സി.സി ടൂര്‍ണമെന്റുകള്‍ മുന്നില്‍ കണ്ട് ഓരോ കളിക്കാരനും പ്രത്യേക 'റോഡ് മാപ്പ്' തയ്യാറാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ഇത് കാര്യക്ഷമമായി നടപ്പിലാകുന്നില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2027 ലോകകപ്പ് അടുത്തിരിക്കെയാണ് ഫിറ്റ്‌നസ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്.ALSO READ: കുൽദീപിനോട് എന്താണ് ചെയ്യുന്നത്?, സ്പിൻ പിച്ചിൽ പോലും ടീമിൽ ഇടമില്ല: ഗംഭീറിനെ ചോദ്യം ചെയ്ത് ആർ അശ്വിൻ