കുൽദീപിനോട് എന്താണ് ചെയ്യുന്നത്?, സ്പിൻ പിച്ചിൽ പോലും ടീമിൽ ഇടമില്ല: ഗംഭീറിനെ ചോദ്യം ചെയ്ത് ആർ അശ്വിൻ
ഇന്ത്യയുടെ സീനിയര്‍ താരവും ചൈനാമന്‍ ബൗളറുമായ കുല്‍ദീപ് യാദവിനെ അവഗണിക്കുന്നതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെയും മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍. സ്പിന്‍ ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ മൂന്നാം ഏകദിനത്തിലും കുല്‍ദീപിന് കളിപ്പിക്കാതിരുന്ന തീരുമാനത്തിനെതിരെയാണ് അശ്വിന്‍ രംഗത്ത് വന്നത്. കുല്‍ദീപിനോടുള്ള വിശ്വാസക്കുറവാണ് ടീം മാനേജ്‌മെന്റ് പ്രകടമാക്കുന്നതെന്ന് അശിന്‍ പറയുന്നു.
കുല്‍ദീപ് ഇന്ത്യയുടെ പ്രധാന റിസ്റ്റ് സ്പിന്നര്‍മാരില്‍ ഒരാളായിട്ടും മുഴുവന്‍ ഏകദിന പരമ്പരയിലും കുല്‍ദീപിന് അവസരം ലഭിച്ചില്ല എന്നത് തന്നെ അതിശയിപ്പിച്ചെന്ന് അശ്വിന്‍ പറയുന്നു. ഒരു താരത്തെ തുടര്‍ച്ചയായി ബെഞ്ചിലിരുത്തുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും കുല്‍ദീപിനെ പോലെ ഒരു സ്പിന്നറെ തുടര്‍ച്ചയായി മാറ്റിനിര്‍ത്തുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടയില്‍ ടീമിന്റെ കോമ്പിനേഷനും ബൗളിംഗ് തിരഞ്ഞെടുപ്പും നേരത്തെ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് അശ്വിന്റെ പുതിയ വിമര്‍ശനം. ടി20, ഏകദിന പരമ്പരകളിലെ ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങളും ടീം സെലക്ഷനും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പരമ്പരയില്‍ തുടര്‍ച്ചയായി കളിക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം കൂടി വന്നതോടെ നിലവിലെ സാഹചര്യങ്ങളിലുള്ള അതൃപ്തി ഇന്ത്യന്‍ ഏകദിന ടീം നായകനായ ശുഭ്മാന്‍ ഗില്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.