ടീമിൽ ഇടം പോലുമെത്താൻ യോഗ്യതയില്ല, അവനെ പിടിച്ച് ക്യാപ്റ്റനാക്കി, ഷഹീൻ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് റഷീദ് ലത്തീഫ്
'ഷഹീനെ ഏകദിന ക്യാപ്റ്റനാക്കാന്‍ യോഗ്യനല്ലെന്ന് ഇപ്പോള്‍ എല്ലാവരും പറയുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ടീമില്‍ ഇടം നേടാന്‍ പോലും അദ്ദേഹം അര്‍ഹനല്ല
പാകിസ്ഥാന്‍ ടീം നായകനും ടീമിന്റെ പ്രധാന പേസറുമായ ഷഹീന്‍ ഷാ അഫ്രീദിയുടെ പ്രകടനത്തെയും ടീമിലെ സ്ഥാനത്തെയും ചോദ്യം ചെയ്ത് മുന്‍ പാക് താരം റഷീദ് ലത്തീഫ്. ഷഹീനെ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയ തീരുമാനത്തിനെതിരെ ഷഹീന്റെ ഭാര്യാപിതാവ് കൂടിയായ മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് റഷീദ് ലത്തീഫും വിമര്‍ശനം കടുപ്പിച്ചത്.
'ഷഹീനെ ഏകദിന ക്യാപ്റ്റനാക്കാന്‍ യോഗ്യനല്ലെന്ന് ഇപ്പോള്‍ എല്ലാവരും പറയുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ടീമില്‍ ഇടം നേടാന്‍ പോലും അദ്ദേഹം അര്‍ഹനല്ല - ആ സമയമൊക്കെ കഴിഞ്ഞുപോയി എന്നതാണ് യാഥാര്‍ഥ്യം. പലരും അദ്ദേഹത്തെ ടി20 നായകനാക്കണമെന്ന് പറയുന്നുണ്ട്. നിലവിലെ ഫോമില്‍ ഒരു ടീമിലും യോഗ്യത നേടാന്‍ അയാള്‍ അര്‍ഹനല്ല' -റഷീദ് ലത്തീഫ് പറഞ്ഞു.
കഴിഞ്ഞ ടി20 ലോകകപ്പ് ഷഹീന്റെ കരിയറിലെ ഏറ്റവും നിരാശാജനകമായ ടൂര്‍ണമെന്റായിരുന്നു. ഇന്ത്യക്കെതിരെ വെറും രണ്ടോവര്‍ മാത്രം ബൗള്‍ ചെയ്ത് 31 റണ്‍സ് വഴങ്ങി; ഒരു വിക്കറ്റും നേടിയില്ല. അമേരിക്കക്കെതിരെ നാലോവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രം. ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ 8 ല്‍ ഇരുപതാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഏറ്റുവാങ്ങി. തുടര്‍ന്ന് ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയില്‍ ഷഹീന്റെ നായകത്വത്തില്‍ 1-2ന് ടീം പരാജയപ്പെട്ടു.
ലോകകപ്പിലെ ദയനീയ പ്രകടനത്തിന് ശേഷവും ഷഹീനെ ഏകദിന ക്യാപ്റ്റനാക്കിയ സെലക്ടര്‍മാരുടെ തീരുമാനത്തെ ഷഹീന്റെ ഭാര്യാപിതാവ് കൂടിയായ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും പരിഹസിച്ചിരുന്നു. ഏത് ഫോര്‍മാറ്റില്‍ ആരെ നായകനാക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന് അറിയില്ലെന്ന് അഫ്രീദി പറഞ്ഞിരുന്നു.