അഭിറാം മനോഹർ|
Last Modified ഞായര്‍, 28 ഡിസംബര്‍ 2025 (16:57 IST)
മുംബൈ: സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ പരിശീലക സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്മണെ സമീപിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ. നിലവിലെ ഹെഡ് കോച്ചായ ഗൗതം ഗംഭീറിന് പകരം ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് ലക്ഷ്മണെ
ബിസിസിഐ പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഈ വാര്‍ത്തകള്‍ തള്ളികളഞ്ഞത്.
ലക്ഷ്മണുമായി ഔദ്യോഗികമായോ അനൗദ്യോഗികമായോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. ഗൗതം ഗംഭീറുമായുള്ള
കരാര്‍ 2027 ഏകദിന ലോകകപ്പ് വരെ നിലനില്‍ക്കുന്നതായും, നിലവില്‍ പരിശീലക സംഘത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം ബോര്‍ഡ് പരിഗണിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ടെസ്റ്റ് ഫോര്‍മാറ്റിലെ പ്രകടനം വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും നീണ്ട കാലയളവിലേക്കുള്ള പദ്ധതികളുടെ ഭാഗമായാണ് ഗംഭീറിനെ നിയമിച്ചതെന്നും ചില പരാജയങ്ങളുടെ പേരില്‍ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കില്ലെന്നും ബിസിസിഐ നിലപാട് വ്യക്തമാക്കി. ടീമിന്റെ പുനര്‍നിര്‍മാണ ഘട്ടത്തിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.