അഭിറാം മനോഹർ|
Last Modified ഞായര്‍, 28 ഡിസംബര്‍ 2025 (15:58 IST)
മുംബൈ: ന്യൂസിലന്‍ഡിനെതിരെ
വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ നിലവിലെ മോശം ഫോമും ടീം ബാലന്‍സും പരിഗണിച്ചാണ് സെലക്ഷന്‍ കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. 2024 ഓഗസ്റ്റിലാണ് റിഷഭ് പന്ത് ഇന്ത്യയ്ക്കായി അവസാനമായി ഏകദിന മത്സരം കളിച്ചത്. പിന്നീട് ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും അടുത്തിടെ നടന്ന പരമ്പരകളില്‍ ഒന്നും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
നിലവില്‍ കെ എല്‍ രാഹുലിന് ബാക്കപ്പായുള്ള റിഷഭ് പന്തിന് പകരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ഇഷാന്‍ കിഷനെ തിരിച്ചെത്തിക്കാനാണ് ടീം മാനേക്‌മെന്റിന്റെ തീരുമാനം. വിജയ് ഹസാരെ ട്രോഫിയില്‍ 33 പന്തില്‍ സെഞ്ചുറി നേടി ഇഷാന്‍ കിഷന്‍ ലിസ്റ്റ് എ ക്രിക്കറ്റിലേ വേഗതയേറിയ സെഞ്ചുറികളിലൊന്നില്‍ സ്വന്തമാക്കിയിരുന്നു. അതേസമയം ഏകദിന പരമ്പരയില്‍ ശുഭ്മാന്‍ ഗില്‍ വീണ്ടും നായകസ്ഥാനത്ത് തിരിച്ചെത്തും. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ ഗില്‍ നിലവില്‍ പൂര്‍ണ്ണമായും ഫിറ്റാണെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 11 മുതല്‍ 18 വരെ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കളിക്കുക. ഇതിന് പിന്നാലെ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടും.