രേണുക വേണു|
Last Modified വെള്ളി, 26 ഡിസംബര്‍ 2025 (17:07 IST)
മോശം ഫോമിലാണെങ്കിലും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവതാരമായ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ തീരുമാനത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇപ്പോഴും. ഓപ്പണറായി ഇറങ്ങി തിളങ്ങാനാവാതെ പോയതാണ് ശുഭ്മാന്‍ ഗില്ലിന് വിനയായത്. ഇതോടെ ഓപ്പണിംഗ് സ്ലോട്ടില്‍ മികച്ച റെക്കോര്‍ഡുള്ള മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍ ഓപ്പണറായി തിരെഞ്ഞെടുക്കപ്പെട്ടത്. സഞ്ജുവിന്റെ ബാക്കപ്പായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ഇഷാന്‍ കിഷനും ടീമിലെത്തി.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍ താരവും ഓപ്പണറും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ടി20 ലോകകപ്പില്‍ അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ സഞ്ജുവിനേക്കാള്‍ അനുയോജ്യന്‍ ഇഷാന്‍ കിഷനാണെന്ന് പറയുകയാണ് കിഷന്റെ ബാല്യകാല പരിശീലകനും മെന്ററുമായ ഉത്തം മജുംദാര്‍.
പ്ലേയിംഗ് ഇലവനെ തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റാണ്.
എങ്കിലും പവര്‍ പ്ലേയില്‍ അഭിഷേകിനൊപ്പം കൂടുതല്‍ ഫലപ്രദമാവുക ഇഷാന്‍ കിഷനാകും. മധ്യ ഓവറുകളിലും ഇഷാന് ബാറ്റ് ചെയ്യാനാവുമെങ്കിലും പവര്‍ പ്ലേയില്‍ താന്‍ എത്രമാത്രം വിനാശകാരിയാണെന്ന് ഇഷാന്‍ ഐപിഎല്ലിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കാണിച്ചു തന്നതാണ്. ഉത്തം മജുംദാര്‍ പറഞ്ഞു.
ടി20 ലോകകപ്പ് പ്രഖ്യാപിച്ചതിനാല്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലും സഞ്ജു സാംസണ്‍ തന്നെയാകും ടീമിന്റെ മുഖ്യ ഓപ്പണര്‍. എന്നാല്‍ സഞ്ജു നിരാശപ്പെടുത്തിയാല്‍ നിലവിലെ മികച്ച ഫോമിന്റെ അടിസ്ഥാനത്തില്‍ ഇഷാന്‍ കിഷനെ കളിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ലോകകപ്പിന് മുന്‍പായി ടീം കോമ്പിനേഷനില്‍ അധികം മാറ്റങ്ങള്‍ വരുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകില്ല എന്നത് സഞ്ജുവിന് അനുകൂല ഘടകമാണ്.