അനാവശ്യ വിവാദങ്ങൾ വേണ്ട, മുസ്തഫിസുറിനെ ഒഴിവാക്കാൻ കൊൽക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ, അസാധാരണ ഇടപെടൽ
മുംബൈ: ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ടീമിലെ ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസൂര്‍ റഹ്മാനെ ഒഴിവാക്കാന്‍ ബിസിസിഐ (BCCI) ഔദ്യോഗികമായി നിര്‍ദേശം നല്‍കി. താരത്തിന്റെ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബോര്‍ഡിന്റെ അസാധാരണമായ ഇടപെടല്‍.
കൊൽക്കത്തയോട് ഇക്കാര്യം ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ സ്ഥിരീകരിച്ചു. മുസ്തഫിസൂറിനെ ഒഴിവാക്കിയാല്‍ കെകെആറിന് മറ്റൊരു താരത്തെ പകരക്കാരനായി ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഫ്രാഞ്ചൈസിക്കും ലീഗിനും അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക എന്നതാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.
ഐപിഎല്‍ ലേലത്തില്‍ 9.20 കോടി രൂപ മുടക്കിയാണ് മുസ്തഫിസൂറിനെ കെകെആര്‍ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ബംഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫല തുക കൂടിയായിരുന്നു ഇത്. എന്നാൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമസംഭവങ്ങൾ തുടർച്ചയായതോടെ പല രാഷ്ട്രീയ നേതാക്കളും മുസ്തഫിസുറിനെ കൊൽക്കത്ത ടീമിലെത്തിച്ചതിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ടീം ഉടമയായ ഷാറൂഖ് ഖാനെതിരെ ദേശദ്രോഹി എന്ന് വിശേഷിപ്പിക്കുന്ന പരാമർശങ്ങൾ വരെയുണ്ടായി. ഈ സാഹചര്യങ്ങളിലാണ് ബോർഡിൻ്റെ ഈ അസാധാരണമായ തീരുമാനം.
ഈ വിവാദങ്ങള്‍ ഐപിഎല്‍ വേദിയില്‍ ക്രിക്കറ്റിനെക്കാള്‍ പുറത്തെ വിഷയങ്ങള്‍ ചര്‍ച്ചയാകാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ബിസിസിഐയുടെ ഇടപെടലിന് കാരണമായതെന്നാണ് വിലയിരുത്തല്‍. ലീഗിന്റെ പ്രതിച്ഛായയും മത്സരാന്തരീക്ഷവും സംരക്ഷിക്കുക എന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പന്നനും വൈവിധ്യമാര്‍ന്ന സ്ലോ കട്ടറുകളിലൂടെ പേരുകേട്ട ബൗളറുമായ മുസ്തഫിസൂറിന്റെ ഐപിഎല്‍ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. കെകെആര്‍ പകരം ആരെയാകും ടീമിലെത്തിക്കുക എന്നതിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്.