അഭിറാം മനോഹർ|
Last Modified ബുധന്‍, 17 ഡിസംബര്‍ 2025 (12:08 IST)
ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡ് തുക നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയെങ്കിലും ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ നിരാശപ്പെടുത്തി ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി അഞ്ചാമനായി ക്രീസിലെത്തിയ താരം നേരിട്ട രണ്ടാം പന്തില്‍ തന്നെ പൂജ്യനായി മടങ്ങുകയായിരുന്നു. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ബ്രെയ്ഡന്‍ കാഴ്‌സിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
ഐപിഎല്‍ താരലേലത്തില്‍ 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത ഗ്രീനിനെ സ്വന്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് താരം പൂജ്യനായി മടങ്ങിയത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 318 റണ്‍സിന് 7 വിക്കറ്റെന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ 94/4 എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ അലക്‌സ് ക്യാരിയും ഉസ്മാന്‍ ഖവാജയും ചേര്‍ന്നാണ് കരകയറ്റിയത്.
105 റണ്‍സുമായി അലക്‌സ് ക്യാരിയും 27 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.
മൂന്ന് പന്തുകളുടെ ഇടവേളയില്‍ മാര്‍നസ് ലബുഷെയ്‌നെയും(19), കാമറൂണ്‍ ഗ്രീനിനെയും(0) പുറത്താക്കിയ ജോഫ്ര ആര്‍ച്ചറാണ് ഓസീസിനെ പ്രതിസന്ധിയിലാക്കിയത്. നേരത്തെ ഓപ്പണര്‍ ജേക്ക് വെതാറാള്‍ഡിനെയും ആര്‍ച്ചര്‍ പുറത്താക്കിയിരുന്നു. അസുഖ ബാധിതനായതിനാല്‍ സ്റ്റീവ് സ്മിത്ത് ഇല്ലാതെയാണ് ഓസീസ് കളിക്കാനിറങ്ങിയത്. നായകനായി പാറ്റ് കമ്മിന്‍സ് തിരിച്ചെത്തിയപ്പോള്‍ സ്പിന്നര്‍ നഥാന്‍ ലിയോണും ടീമില്‍ തിരിച്ചെത്തി.