ഒടുവിൽ ആ സംവിധായകൻ വീണ്ടുമെത്തുന്നു; നായകൻ നസ്ലൻ !
റെക്‌സ് വിജയൻ ആയിരിക്കും ഗാനങ്ങളും പശ്ചാത്തല സംഗീതവും
Naslen
ഒരൊറ്റ സിനിമ കൊണ്ട് അടയാളപ്പെടുത്തിയ സംവിധായകനാണ് മധു സി നാരായണൻ. 2019 ൽ പുറത്തിറങ്ങിയ 'കുമ്പളങ്ങി നൈറ്റ്‌സ്' ആണ് മധു സി നാരായണനെ മലയാളികൾക്കു പ്രിയപ്പെട്ട സംവിധായകനാക്കിയത്. ഇപ്പോൾ ഇതാ ഏഴ് വർഷത്തിനു ശേഷം മധു സി നാരായണൻ സംവിധായകന്റെ കുപ്പായമണിയുന്നു.
നസ്ലൻ ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോ.അനന്തു പ്രൊഡക്ഷൻസും സൈലന്റ് ക്യാറ്റ് ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം ഓഗസ്റ്റിൽ ഷൂട്ടിങ് ആരംഭിക്കും. അനന്തു പ്രൊഡക്ഷൻസിന്റെ നാലാമത്തെ ചിത്രവും സൈലന്റ് ക്യാറ്റ് ഫിലിംസിന്റെ ആദ്യ ചിത്രവുമാണിത്.
റെക്‌സ് വിജയൻ ആയിരിക്കും ഗാനങ്ങളും പശ്ചാത്തല സംഗീതവും. മറ്റു അഭിനേതാക്കളെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്‌സ്' തിയറ്ററുകളിൽ വലിയ വിജയമാകുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, അന്ന ബെൻ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് കുമ്പളങ്ങി നൈറ്റ്‌സിൽ പ്രധാന കതാപാത്രങ്ങളെ അവതരിപ്പിച്ചത്.
മികച്ച ജനപ്രിയ ചിത്രം, മികച്ച സ്വഭാവ നടൻ, മികച്ച സംഗീത സംവിധാനം, മികച്ച കലാസംവിധാനം എന്നിങ്ങനെ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മധു സി നാരായണന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, നസ്ലന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'മോളിവുഡ് ടൈംസ്' ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശനം തുടരുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നസ്ലന്റെ അഭിനയത്തിനു ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. 'ബാച്ചിലർ പാർട്ടി D'eux', 'ടിക്കി ടാക്ക', 'മട്ടാഞ്ചേരി മാഫിയ' എന്നിവയാണ് നസ്ലന്റെ വരാനിരിക്കുന്ന മറ്റു സിനിമകൾ. Read Here: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഈ ഏഴ് താരങ്ങൾ കളിക്കില്ല !