പവിത്രം

ആര്‍. രാജേഷ്

P.S. AbhayanWD
അന്യ സംസ്ഥാനങ്ങളില്‍ വന്‍ ബിസിനസുകളുള്ള നരേന്ദ്രന് മകളുടെ ബന്ധം ഇഷ്ടമായില്ല. വീട്ടുകാരുടെ ഭീഷണികള്‍ അതിജീവിച്ച് അവര്‍ ഒന്നിച്ചു. ഹരിക്കൊപ്പം നിരഞ്ജനയും നീലഗിരിയിലേയ്ക്കു പോയി.

ക്വാര്‍ട്ടേഴ്സിലെ സൗകര്യങ്ങള്‍ പരിമിതമായിരുന്നു. നിരഞ്ജനയുടെ സാമീപ്യത്തില്‍ അതൊന്നു പ്രശ്നമായി ഹരിക്കു തോന്നിയില്ല.

ഒരു രാത്രി നിരഞ്ജന പറഞ്ഞു: '' ഹരീ, എന്തോ ഒരു കുറവു തോന്നുന്നു.
" കൂടുതല്‍ മെച്ചപ്പെട്ട ക്വാര്‍ട്ടേഴ്സ് നോക്കാം''
"അതല്ലാ ഞാന്‍ പറഞ്ഞത്...''
"പിന്നെ?''
"ഒരു താലിയുടെ കുറവുണ്ട് ഹരീ...''
രജിസ്റ്റര്‍ വിവാഹം കഴിഞ്ഞപ്പോഴേ താലി കെട്ടുന്ന കാര്യം അവള്‍ പറഞ്ഞതാണ്. പിന്നീടാവട്ടെ എന്ന് ഹരി പറയുകയും ചെയ്തിരുന്നു.
"താലിക്കും താലിച്ചരടിനുമൊന്നും അത്ര മഹത്വമൊന്നുമില്ല... പരസ്പരമുള്ള സ്നേഹവും പങ്കു വയ്ക്കലും മനസിലാക്കലുമൊക്കെയാണ് പ്രധാനം...''
"എന്നാലും ഹരീ...എന്‍റൈയൊരാഗ്രഹമാ...''
"എനിക്കു താല്പര്യമില്ല...പിന്നെ നിനക്കുവേണ്ടി...നിനക്കുവേണ്ടി മാത്രം...''

മഞ്ഞച്ചരടില്‍ കോര്‍ത്ത താലി കഴുത്തില്‍ വീണു കഴിഞ്ഞാണ് അവളുടെ മുഖം വിടര്‍ന്നത്.

കഥയും കവിതയുമൊക്കെ പിന്നീട് നിരഞ്ജനയ്ക്ക് അരോചകമായി. പഠന കാലത്ത് എന്തൊരാവേശമായിരുന്നു. ഇതിനിടെ പിണക്കം അവസാനിപ്പിച്ച് മകളെ കാണാന്‍ നരേന്ദ്രന്‍ എത്തുകയും ചെയ്തു. തന്‍റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് വരാന്‍ നരേന്ദ്രന്‍ ഹരിയെ ക്ഷണിച്ചു. വീട്ടുകാരില്‍ നിന്ന് തന്നെ അകറ്റാന്‍ നരേന്ദ്രന്‍ ഒരുക്കിയ കെണിയാണതെന്ന് ഹരി വിശ്വസിച്ചു. നരേന്ദ്രന്‍റെ ഓഫര്‍ ഹരി നിരസിച്ചു. അതോടെ നിരഞ്ജനയുടെ സ്വഭാവം മാറി. കാറ്റും കോളും നിറഞ്ഞ ജീവിതം ഹരിയെ ഉലച്ചു. ഒടുവില്‍ നിരഞ്ജന അവളുടെ വീട്ടിലേക്ക് തിരികെപ്പോയി.

വൈകിയാണ് ഹരിയുടെ അച്ഛന്‍ വിവരമൊക്കെയറിഞ്ഞത്. അയാള്‍ ഹരിയുടെ ചില സുഹൃത്തുക്കളെയും കൂട്ടി നിരഞ്ജനയെ കണ്ട് സംസാരിച്ചു. ഹരിയുമൊത്തൊരു ജീവിതം ഇനിയില്ലായെന്ന അവള്‍ തറപ്പിച്ചു പറഞ്ഞു. നിരഞ്ജനയെ നേരില്‍ കണ്ട് കാര്യങ്ങള്‍ രമ്യതയിലാക്കാന്‍ അയാള്‍ ഹരിയെ ഉപദേശിച്ചു. ഹരി ഒന്നിനും ഒരുക്കമായിരുന്നില്ല.

ക്വാര്‍ട്ടേഴ്സിലേയ്ക്കുള്ള തപാല്‍ ഉരുപ്പടികള്‍ താഴ്വാരത്ത് വര്‍ഗീസിന്‍റെ ചായക്കടയില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. ആ പതിവു തെറ്റിച്ച് പോസ്റ്റുമാന്‍ കടന്നു വന്നത് നിരഞ്ജനയുടെ വിവാഹമോചന ആവശ്യവുമായാണ്. പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ, കണ്ണാടിയിലെ തന്‍റെ പ്രതിബിംബത്തില്‍ നിന്ന് കണ്ണീര്‍ അടര്‍ന്ന് വീഴുന്നുണ്ടെന്ന് ഹരി തിരിച്ചറിഞ്ഞു.

നിരഞ്ജനയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചു. ഒടുവില്‍ അവസാന ശ്രമമെന്നെ നിലയില്‍ നിരഞ്ജനയെ കാണാന്‍ ഹരി തീരുമാനിച്ചു.
നരേന്ദ്രന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഹരിക്കൊപ്പം പോവാന്‍ നിരഞ്ജനയെ അമ്മ ഉപദേശിച്ചു. നിരഞ്ജന വഴങ്ങുന്ന ഭാവമില്ല.
'' ഹരീ, കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല."
'' നിരഞ്ജനാ, ഞാന്‍... നീ വരണം... ഞാന്‍ കെട്ടിയ താലിയല്ലേ നിന്‍റെ കഴുത്തില്‍ കിടക്കുന്നത്...""
'' വേണ്ട, നിര്‍ബന്ധിക്കേണ്ടാ. ഹരി പണ്ട് പറഞ്ഞത് ശരിയാണ്. താലിക്കും താലിച്ചരടിനുമൊന്നും അത്ര മഹത്വമില്ല...''
മാലയോട് പിണഞ്ഞു കിടന്നിരുന്ന മഞ്ഞച്ചരടില്‍ കോര്‍ത്ത താലി അഴിച്ചെടുത്ത് അവള്‍ ഹരിക്കു നേരെ നീട്ടി.

വൈകാതെ ആ ബന്ധം അവസാനിച്ചു. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നരേന്ദ്രന്‍ വേണ്ടതു ചെയ്തു.

ക്വാര്‍ട്ടേഴ്സില്‍ നിന്ന് പുറത്തിറങ്ങുന്നതു പോലും ഹരിക്കു മടിയായി. ഇതിനിടെ ആരോ പറഞ്ഞ് ഹരിയറിഞ്ഞു നരേന്ദ്രന്‍റെ ബിസിനസ് സുഹൃത്തിന്‍റെ മകനുമായി നിരഞ്ജനയുടെ വിവാഹം തീരുമാനിച്ചെന്ന്. വെറുതെയാവും. ഇത്ര പെട്ടെന്ന് അതിനൊന്നും അവള്‍ക്കാവില്ല. അവിടെയും ഹരിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത്തവണ നിരഞ്ജനയുടെ വിവാഹക്ഷണപത്രവുമായാണ് പോസ്റ്റുമാന്‍ കടന്നു വന്നത്. 'വരണം, പഴയതൊക്കെ മറക്കണം" എന്ന് വടിവൊത്ത അക്ഷരത്തില്‍ ക്ഷണപത്രത്തിനു പിന്നില്‍ നിരഞ്ജന എഴുതിയിരിക്കുന്നു.

ചുള്ളി പെറുക്കാനെത്തുന്ന സ്ത്രീകളാണത് കണ്ടത്. ഫാനിന്‍റെ കൊളുത്തില്‍ തൂങ്ങി നില്‍ ക്കുന്ന ഹരിയുടെ മരവിച്ച ശരീരം. പാതിയടര്‍ന്ന ജനാല പൊളിച്ചു നീക്കി എസ്റ്റേറ്റിലെ ജോലിക്കാര്‍ അകത്തു കടന്നു. ചുരുട്ടിപ്പിടിച്ച കൈയില്‍ നിരഞ്ജന അഴിച്ചു നല്‍ കിയ താലി അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :