വളര്‍ച്ചാനിരക്ക് കുറഞ്ഞേക്കും: ഐ‌എം‌എഫ്

WEBDUNIA| Last Modified ശനി, 12 ഏപ്രില്‍ 2008 (10:06 IST)

വാഷിംഗ്ടണ്‍: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 1.25 എന്ന തോതില്‍ കുറഞ്ഞ് 7.9 ശതമാനമായി താഴും എന്ന് അന്താരാഷ്ട്ര നാണ്യനിധി റിപ്പോര്‍ട്ട് പറയുന്നു.

ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പ വര്‍ദ്ധനയും അത് നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളുമാണ് ഇതിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഐ.എം.എഫിന്‍റെ റീജ്യണല്‍ ഔട്ട്ലുക്ക് : ഏഷ്യ, പസഫിക് എന്ന റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ നിക്ഷേപങ്ങള്‍ കുറയുകയും വായ്പാ വ്യവസ്ഥകള്‍ കര്‍ക്കശമാവുകയും ചെയ്തു.

ഈ നയം നിക്ഷേപങ്ങളെ കൂടുതലായി ബാധിക്കുമെന്നാണ് ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കയിലെ സബ് പ്രൈം പ്രശ്നങ്ങളും ഇന്ത്യയിലെ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് ആക്കം കൂട്ടിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞു വരുന്നതായും ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പൊതുക്കടം വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെ അവശ്യ സാധന വില അടുത്തിടെ കുതിച്ചുയര്‍ന്നത് കാരണം പണപ്പെരുപ്പ നിരക്ക് 7.41 ശതമാനമായി ഉയര്‍ന്ന് സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും ഐ.എം.എഫ് റിപ്പോര്‍ട്ട് വിശദമാക്കുന്നു.

എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ എപ്രില്‍ 29 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിക്കാനിരിക്കുന്ന ഇത്തവണത്തെ വായ്പാ നയത്തില്‍ പണപ്പെരുപ്പം നിയന്ത്രിച്ച് സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനുള്ള കടുത്ത നടപടികള്‍ എടുക്കുമെന്നാണ് കരുതുന്നതെന്നും ഐ.എം.എഫ് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :