പണപ്പെരുപ്പം 7.41% ആയി

PRO
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 7.41 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച് 29 ന് അവസാനിച്ച ആഴ്ചയിലെ മൊത്ത വില വിവര സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടതാണ് ഈ വിവരം.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിനു മുന്നിലത്തെ ആഴ്ചയില്‍ അതായത് മാര്‍ച്ച് 22 ന് അവസാനിച്ച ആഴ്ചയിലെ പണപ്പെരുപ്പ നിരക്ക് 7.05 ശതമാനമായിരുന്നു.

അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ പണപ്പെരുപ്പ നിരക്ക് 5.94 ശതമാനം മാത്രമായിരുന്നു. പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കാനുണ്ടായ പ്രധാന കാരണം അവശ്യ സാധനങ്ങള്‍ക്കുള്ള വിലക്കയറ്റമാണെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

വിലക്കയറ്റം കര്‍ശനമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ എടുത്തെങ്കിലും അതൊന്നും ഇതുവരെ ഫലം കണ്ടില്ല എന്നതിന്‍റെ തെളിവാണ് പണപ്പെരുപ്പ നിരക്ക് ഗണ്യമായി വര്‍ദ്ധിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഏപ്രില്‍ 29 ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കാനിരിക്കുന്ന ഈ വര്‍ഷത്തെ വായ്പാ നയത്തില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് നിലവിലെ സൂചനകള്‍.

ഇക്കാലയളവില്‍ പഴം, പച്ചക്കറി എന്നിവയുടെ വിലയില്‍ 3 ശതമാനവും പയര്‍ വര്‍ഗ്ഗങ്ങള്‍ 1.2 ശതമാനവും വര്‍ദ്ധിച്ചു. ഇതിനൊപ്പം സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് 2 ശതമാനവും ഗോതമ്പ്, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില ഒരു ശതമാനം വീതവും വര്‍ദ്ധിച്ചു.

അതേ സമയം പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ചോളം എന്നിവയുടെ വില ഒരു ശതമാനം നിരക്കില്‍ കുറയുകയാണുണ്ടായത്.

സിമന്‍റ് ഉല്‍പ്പാദനത്തിന് ആവശ്യമായ ചുണ്ണാമ്പ് കല്ല് തുടങ്ങിയ ധാതുക്കളുടെ വില 1.4 ശതമാനവും സ്റ്റെറിലൈറ്റ് വിലയില്‍ 2 ശതമാനവും വര്‍ദ്ധനയുണ്ടായി.

പഞ്ചസാര വില 2 ശതമാനം ഉയര്‍ന്നപ്പ്പോള്‍ നിലക്കടല എണ്ണ, ഖണ്ഡസാരി എന്നിവയുടെ വില ഒരു ശതമാനം വീതം കുറഞ്ഞു. എങ്കിലും ഇറക്കുമതി ചെയ്ത ഭക്‍ഷ്യ എണ്ണയുടെ വില 5 ശതമാനവും സൂര്യകാന്തി എണ്ണയുടെ വില 3 ശതമാനവും കണ്ട് കുറഞ്ഞു.
ന്യൂഡല്‍ഹി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :