എല്‍ നിനോ ഉണ്ടായിട്ടും ഇന്ത്യയില്‍ കനത്ത മഴ ലഭിക്കുന്നത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി ഐഎംഡി
ഈ വര്‍ഷം എല്‍ നിനോയുടെ സ്വാധീനത്തിലും ജൂലൈയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായി തിരിച്ചുവരവ് നടത്തി. ഇത് രാജ്യത്തെ മഴക്കുറവ് ഗണ്യമായി കുറച്ചു. ജൂണ്‍ അവസാനത്തോടെ ഇന്ത്യയില്‍ സാധാരണയേക്കാള്‍ 40 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ജൂലൈ തുടക്കത്തില്‍ മുംബൈയിലും പടിഞ്ഞാറന്‍ തീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പെയ്ത ശക്തമായ മഴ മൊത്തത്തിലുള്ള മണ്‍സൂണ്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചു.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം രാജ്യവ്യാപകമായി ലഭിച്ച മഴക്കുറവ് ഇപ്പോള്‍ വെറും 17 ശതമാനമായി കുറഞ്ഞു. ജൂലൈയിലെ ആദ്യ ദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്ത് പെയ്ത പേമാരി പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങള്‍ക്ക് കാരണമായെന്നു മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള മണ്‍സൂണ്‍ മഴക്കുറവ് കുറയ്ക്കുന്നതിലും പ്രധാന പങ്കു വഹിച്ചതായി IMD പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഇന്ത്യന്‍ മണ്‍സൂണിന്റെ സ്വഭാവത്തെ മാറ്റുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിശ്വസിക്കുന്നു. മുമ്പ് മണ്‍സൂണ്‍ മഴ പല ദിവസങ്ങളിലായി വ്യാപിച്ചിരുന്നു. നേരിയതോ മിതമായതോ ആയ മഴയായിരുന്നു. ഇപ്പോള്‍ മഴയുള്ള ദിവസങ്ങളുടെ എണ്ണം കുറയുന്നു. പക്ഷേ മഴ കൂടുതല്‍ ശക്തമാവുകയാണ്. കുറഞ്ഞ കാലയളവിനുള്ളില്‍ വലിയ അളവില്‍ മഴ പെയ്യുന്നു. വായുവിന്റെയും സമുദ്രത്തിന്റെയും താപനിലയിലെ വര്‍ദ്ധനവാണ് ഈ മാറ്റത്തിന് കാരണമെന്ന് അവര്‍ പറയുന്നു. ഇത് അന്തരീക്ഷത്തില്‍ കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ അനുവദിക്കുന്നു, ഇത് കനത്ത മഴയ്ക്ക് കാരണമാകുന്നു.