ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ
ബിജെപിക്കെതിരെ യുവതലമുറയില്‍ നിന്നും വരുന്ന എതിര്‍പ്പുകളെ വിശദമായി പഠിക്കാനൊരുങ്ങി സംഘപരിവാര്‍. 2 പതിറ്റാണ്ടോളം വാട്‌സാപ്പ്, ഫേസ്ബുക്ക് പ്രചാരണങ്ങള്‍ നടത്തി ഇന്ത്യയുടെ ഭരണം ഏറെക്കാലത്തേക്ക് ഉറപ്പിച്ചെന്ന നിലയില്‍ നിന്നും നീറ്റ് പ്രക്ഷോഭം വലിയ മാറ്റമാണ് വരുത്തിയത്. എതിര്‍സ്വരമില്ലെന്ന് കരുതിയ അമിത് ഷാ- മോദി നേതൃത്വത്തിനെതിരെ ഒരു മയവുമില്ലാത്ത വിമര്‍ശനങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. ശക്തനായ നേതാവെന്ന മോദിയുടെ ഇമേജിനെ പ്രക്ഷോഭം ഇല്ലാതെയാക്കിയെന്ന വിലയിരുത്തലാണ് സംഘപരിവാറിനുള്ളത്. ഈ സാഹചര്യത്തില്‍ ജെന്‍ സിയെ കയ്യിലെടുക്കാനായി സജീവമായി ഇടപെടുകയാണ് ആര്‍എസ്എസ്.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭാഗവത് ജെന്‍ സി രാജ്യസ്‌നേഹികളാണെന്നും അവരുടെ പ്രതിഷേധങ്ങളെ അവഗണിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയകളിലടക്കം ജെന്‍ സിയെ ലക്ഷ്യമാക്കി വലിയ പ്രചാരണമാണ് സംഘപരിവാര്‍ ഒരുക്കുന്നത്. ഈ സാഹചര്യത്തില്‍ വിശാഖപട്ടണത്ത് അടുത്തയാഴ്ച ചേരുന്ന വാര്‍ഷിക ഏകോപനയോഗത്തില്‍ ജെന്‍സി നേരിടുന്ന പ്രശ്‌നങ്ങളും മറ്റും ബിജെപി ഉള്‍പ്പെടുന്ന 32 ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 19 മുതല്‍ 21 വരെ നടക്കുന്ന യോഗത്തില്‍ മോഹന്‍ ഭാഗവത്, ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ എന്നിവര്‍ യോഗം നയിക്കും. ബിജെപി ഉള്‍പ്പടെയുള്ള 32 സംഘടനകളിലെ ദേശീയ അധ്യക്ഷന്മാരും സംഘടനാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.
