1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kerala Disaster relief fund Nirmala sitharaman statement

കേരളം വയനാടിനായുള്ള 311.95 കോടി ദുരന്ത നിവാരണ ഫണ്ട് കൈപ്പറ്റിയില്ലെന്ന് ധനമന്ത്രി, വാങ്ങാതിരുന്നിട്ടില്ലെന്ന് ധനമന്ത്രി

ചോദ്യോത്തര വേളയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ഉപചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.

Nirmala Sitharaman
കേരളത്തിന് അനുവദിച്ച കേന്ദ്ര ദുരന്ത ലഘൂകരണ ഫണ്ട് (NDMF) സംസ്ഥാന സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 311.95 കോടി രൂപയാണ് ഇത്തരത്തില്‍ കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്നും എന്നാല്‍ ഈ തുക കൈപ്പറ്റാന്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുന്നില്ലെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. ചോദ്യോത്തര വേളയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ഉപചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.
 
അപേക്ഷിച്ചാല്‍ മാത്രം തുക
 
ഫണ്ട് അനുവദിക്കുക എന്നതും അത് അപേക്ഷ നല്‍കി കൈപ്പറ്റുക എന്നതും രണ്ട് വ്യത്യസ്ത പ്രക്രിയകളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 'കേരളത്തിന് 311.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്, എന്നാല്‍ വിട്ടുകിട്ടിയ തുക പൂജ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയും കൃത്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്താല്‍ മാത്രമേ തുക നല്‍കാന്‍ കേന്ദ്രത്തിന് സാധിക്കൂ,' നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. തമിഴ്നാട്ടിനും കേരളത്തിനുമുള്ള കേന്ദ്ര ധനസഹായം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം മണിക്കം ടാഗോര്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.
 
 
അനുവദിച്ച തുകയില്‍ വയനാട് ഉരുള്‍പൊട്ടല്‍ മേഖലയിലെ ദുരന്ത ലഘൂകരണ പദ്ധതികള്‍ക്കായി 72 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി (Urban Flood Risk Management) 222.22 കോടി രൂപയും വനപാലനവുമായി ബന്ധപ്പെട്ട ദുരന്ത നിവാരണത്തിന് 17.73 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനം അപേക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെ ഈ തുക അനുവദിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
 
തടസ്സമാകുന്നത് വിനിയോഗ സര്‍ട്ടിഫിക്കറ്റ്
 
നേരത്തെ അനുവദിച്ച ഫണ്ടുകള്‍ എങ്ങനെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള വിനിയോഗ സര്‍ട്ടിഫിക്കറ്റ് (UC) സമര്‍പ്പിക്കാത്തതാണ് പുതിയ ഗഡുക്കള്‍ അനുവദിക്കുന്നതിന് തടസ്സമാകുന്നത്. അടുത്ത ഘട്ടം ഫണ്ട് റിലീസ് ചെയ്യണമെങ്കില്‍ മുന്‍പത്തെ തുകയുടെ വിനിയോഗ രേഖകള്‍ നിര്‍ബന്ധമാണെന്നും ധനമന്ത്രി സഭയെ അറിയിച്ചു. 
 
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ പരാതികള്‍ക്കിടയിലാണ്, അനുവദിച്ച ഫണ്ട് പോലും സാങ്കേതിക കാരണങ്ങളാല്‍ സംസ്ഥാനം കൈപ്പറ്റുന്നില്ലെന്ന കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഈ വാക്‌പോര് വരുംദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.
 
അതേസമയം കേന്ദ്രം അനുവദിച്ച ഫണ്ട് വാങ്ങാന്‍ കേരളം ഒരിക്കലും തയ്യാറാകാതിരുന്നിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നിര്‍മല സീതാരാമന്റെ പ്രസ്താവനയെ പറ്റി അറിയില്ല. സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം അനുവദിച്ച പണം ഒരിക്കലും എടുക്കാതിരുന്നിട്ടില്ല. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ മന്ത്രി പ്രസംഗിച്ചിട്ട് കാര്യമില്ല. എല്ലാറ്റിനും ഔദ്യോഗിക രേഖകള്‍ ഉള്ളതാണ്. ബാലഗോപാല്‍ പറഞ്ഞു.കേരളത്തിന് അനുവദിക്കേണ്ട തുക കുറഞ്ഞിട്ടും കേരളം പിടിച്ചുനിന്നെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നിർണായക നീക്കവുമായി പാകിസ്ഥാൻ,അമേരിക്ക–ഇറാൻ നയതന്ത്ര ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയൊരുക്കും? , നിർണായക ഇടപെടൽ