സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 10 ജനുവരി 2026 (08:50 IST)
2025-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എട്ട് ടെലിഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. ഇരു നേതാക്കളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം ഇല്ലാത്തതിനാല്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വൈകിയെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ അവകാശവാദത്തെയും വിദേശകാര്യമന്ത്രാലയം തള്ളി.
ഇന്ത്യ-യുഎസ് ഫ്രീ ട്രേഡ് എഗ്രിമെന്റ് (എഫ്ടിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ സ്തംഭിച്ചുവെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്ക് പ്രസ്താവിച്ചതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന വന്നത്. 2025 ഫെബ്രുവരി 13-ന് തന്നെ ഒരു ഉഭയകക്ഷി വ്യാപാര ഉടമ്പടി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയും യുഎസും തയ്യാറായെന്നും അതിനുശേഷം ഒന്നിലധികം റൗണ്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
'ഓള്‍ ഇന്‍' പോഡ്കാസ്റ്റില്‍ സംസാരിച്ച ഹൊവാര്‍ഡ് ലുട്നിക്, ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാത്തത് പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപുമായി നേരിട്ട് സംസാരിക്കാത്തതുകൊണ്ടാണെന്ന് പറഞ്ഞിരുന്നു.
ഇന്ത്യ നേരത്തെ കരാര്‍ അന്തിമമാക്കുമെന്ന് കരുതി. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് വ്യാപാര കരാറുകള്‍ അവസാനിപ്പിച്ചതായി ലുട്നിക് പറഞ്ഞു.