സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രതീകം; ടോക്സിക് ട്രെയിലറിൽ ​ഗീതു മോഹൻദാസിനെ പ്രശംസിച്ച് രാം ​ഗോപാൽ വർമ്മ

'ഈ സ്ത്രീയുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റം ഒരു പുരുഷ സംവിധായകർക്കുമില്ല'

Geethu Mohandas, Toxic Trailer, Ram gopal varma, Yash
രേണുക വേണു| Last Modified വെള്ളി, 9 ജനുവരി 2026 (16:22 IST)

യാഷ്-​ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിൻ്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ഉയർന്നത്. നിരവധി പേർ ക്യാരക്ടർ ഇൻട്രോയെ പ്രശംസിച്ച് എത്തിയപ്പോൾ വിമർശനങ്ങളും മറുവശത്തുനിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ടോക്സികിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹൻദാസ് എന്നാണ് ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ രാം ഗോപാൽ വർമ്മയുടെ പ്രതികരണം. അവർ എങ്ങനെയാണ് അത് ചിത്രീകരിച്ചതെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ സ്ത്രീയുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റം ഒരു പുരുഷ സംവിധായകർക്കുമില്ല. ഈ സ്ത്രീയുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റം ഒരു പുരുഷ സംവിധായകർക്കുമില്ലെന്നും രാം ​ഗോപാൽ വർമ്മ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതേസമയം ടോക്സിക്ക് ട്രെയിലറിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ നിഥിൻ രൺജി രം​ഗത്തെത്തിയിരുന്നു. പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ വരികൾ കടമെടുത്താണ് നിഥിൻ, ‘ടോക്സിക്ക്’ സംവിധായികയായ ഗീതുവിനെതിരെ പരോക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്. മലയാളത്തിൽ ഒരു മാസ്സ് പടം വന്നപ്പോൾ അതിനെ സ്ത്രീവിരുദ്ധമെന്ന് പറഞ്ഞ് ആക്രമിച്ചവർ, കന്നഡയിൽ പോയി കോടികൾ മുടക്കി അതെല്ലാം ഉൾപ്പെടുത്തി സിനിമ എടുക്കുന്നതിലെ ഇരട്ടത്താപ്പാണ് നിഥിൻ ചൂണ്ടിക്കാട്ടുന്നത്. നിഥിൻ പങ്കുവച്ച സക്കറിയയുടെ വരികൾ ഗീതുവിന്റെ 'ഇരട്ടത്താപ്പിനുള്ള' മറുപടിയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

2016-ൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കസബ'യിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി തിരുവോത്ത് ഒരു ചലച്ചിത്ര മേളയിൽ വെച്ച് രൂക്ഷമായി വിമർശിച്ചിരുന്നു. അന്ന് സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയെ, "സേ ഇറ്റ്, സേ ഇറ്റ് " എന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗീതു മോഹൻദാസ് മുൻപന്തിയിലുണ്ടായിരുന്നു. ഈ സംഭവം അന്ന് നിതിനും സിനിമയ്ക്കും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും നാണക്കേടിനും കാരണമായിരുന്നു.

കെജിഎഫ് 2 എന്ന ഭ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ എന്ന ചിത്രത്തിലൂടെ തൻ്റെ തിരിച്ചുവരവിനൊരുങ്ങുകയാണ് യാഷ്. യൻതാര, ഹുമ ഖുറേഷി, കിയാരാ അദ്വാനി, രുക്മിണി വസന്ത് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.
കെ വി എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :