സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 10 ജനുവരി 2026 (08:14 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രിയെ ദ്വാരപാലക ശില്പ കേസിലും പ്രതിയാക്കും. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കും. തന്ത്രി ദേവസ്വം മാനുവല്‍ ലംഘനത്തിന് കൂട്ടുനിന്നെന്നും സ്വര്‍ണ്ണം ചെമ്പാക്കിയ മഹസറില്‍ ഒപ്പിട്ടെന്നും യുബി ഗ്രൂപ്പ് സ്വര്‍ണ്ണം പൂശിയതില്‍ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു എന്നും എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റാണ് അന്വേഷണസംഘ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞദിവസമാണ് മുന്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായത്. വെള്ളിയാഴ്ച ചോദ്യംചെയ്യാനായി എസ്ഐടി ഓഫീസില്‍ വിളിച്ചുവരുത്തിയ തന്ത്രിയെ പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കണ്ഠരര് രാജീവര് ചോദ്യംചെയ്യലിനായി എസ്ഐടിയുടെ മുന്നില്‍ ഹാജരായത്. സഹായിയായ നാരായണന്‍ നമ്പൂതിരിയും തന്ത്രിക്കൊപ്പമുണ്ടായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതുമുതല്‍ സംശയനിഴലിലുണ്ടായിരുന്ന പേരുകളില്‍ ഒന്നായിരുന്നു കണ്ഠരര് രാജീവരുടേതും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്തബന്ധമുണ്ടായിരുന്നതായി മുന്‍ ദേവസ്വം പ്രസിഡന്റും കേസിലെ മറ്റൊരു പ്രതിയുമായ എ. പത്മകുമാര്‍ മൊഴിനല്‍കിയതായിരുന്നു തന്ത്രിയുടെ കുരുക്ക് മുറുക്കിയത്. സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകാന്‍ അനുവാദം നല്‍കി തന്ത്രി നല്‍കിയ കുറിപ്പിലും ദുരൂഹതകള്‍ ഉയര്‍ന്നു.