'ദേശീയഗാനം പാടുമ്പോൾ പ്രധാനമന്ത്രി നടക്കുന്നു'; ഇതാണോ രാജ്യസ്‌നേഹമെന്ന് വിമർശനം, എന്താണ് യാഥാർഥ്യം?
സ്വാതന്ത്ര്യദിനത്തിൽ കുമാർ രാജ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പ്രചരിച്ചത്
Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയഗാനത്തെ അപമാനിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരണം. പശ്ചാത്തലത്തിൽ ദേശീയഗാനം കേൾക്കുമ്പോൾ പ്രധാനമന്ത്രി വേദിയിലൂടെ അമിത് ഷാ അടക്കമുള്ള നേതാക്കളെ അഭിവാദ്യം ചെയ്ത് നടക്കുന്നതാണ് വീഡിയോയിൽ.
ഇതാണോ രാജ്യസ്‌നേഹം?
സ്വാതന്ത്ര്യദിനത്തിൽ കുമാർ രാജ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പ്രചരിച്ചത്. വീഡിയോയ്ക്ക് 2.3 മില്യൺ കാഴ്ചക്കാർ ഉണ്ട്. ദേശീയഗാനത്തെ ബഹുമാനിച്ചില്ലെന്നും മോദി ചെയ്തത് ശരിയാണോ എന്നുമാണ് പോസ്റ്റിൽ ചോദിച്ചിരിക്കുന്നത്. ആക്ടിവിസ്റ്റ് പിയൂഷ് മനുഷും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
യാഥാർഥ്യം
മോദിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് ഫാക്ട് ചെക്കിൽ കണ്ടെത്തി. ബിഹാറിലെ സിവാൻ സിറ്റിയിൽ ജസൗലി ഖാർഖിലെ പൊതുപരിപാടിയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ പരിപാടി നടക്കുന്നത് 2025 ജൂൺ 20 നാണ്. ഇതിൽ മോദി ദേശീയഗാനത്തെ അപമാനിക്കുന്നില്ല.
ഒറിജിനൽ വീഡിയോ
ഈ വീഡിയോ 2025 ജൂൺ 21 ന് മോദി തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. അതിൽ മോദി നടന്നുവരുന്നതും നേതാക്കളെ അഭിവാദ്യം ചെയ്യുന്നതും വ്യക്തമാണ്. എന്നാൽ പശ്ചാത്തലത്തിൽ ദേശീയഗാനം ഇല്ല. ആ സമയത്ത് മോദിയെ പരിപാടിയുടെ അവതാരക വേദിയിലേക്ക് ക്ഷണിക്കുന്നതും സദസിൽ നിന്ന് കൈയടി ഉയരുന്നതും കേൾക്കാം. അതിനെയാണ് ദേശീയഗാനത്തെ അപമാനിച്ചു എന്ന തരത്തിൽ വ്യാജ പ്രചരണം നടക്കുന്നത്. Read Also: '2029 ൽ മോദി വീണ്ടും വരണം'; ഗുജറാത്തിൽ പൊലീസ് കോൺസ്റ്റബിൾ രാജിവെച്ചു, ചെരുപ്പ് ഇടില്ലെന്നും ശപഥം