പൂക്കി പ്രഹരം; ഓരോ മോഡിഫിക്കേഷനും 5,000 രൂപ, വാഹനം വീണ്ടും ഹാജരാക്കണം
വാഹനത്തിൽ എത്ര മോഡിഫിക്കേഷൻ വരുത്തിയിട്ടുണ്ടോ അതിൽ ഓരോന്നിനും പിഴ ചുമത്തണമെന്നാണ് നിർദേശം
വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വി.ഡി.സതീശൻ സർക്കാരിന്റെ വാക്ക് വിശ്വസിച്ച ജെൻസീക്ക് എട്ടിന്റെ പണി. വാഹനരൂപമാറ്റത്തിൽ നടപടി കടുപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. മോഡിഫിക്കേഷൻ പരിശോധിച്ച് പിഴ ചുമത്താൻ ഗതാഗത കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് നിലവിലുള്ള മോഡിഫിക്കേഷനുകൾ അല്ലാതെ മറ്റൊന്നും ഏതെങ്കിലും ഒരു സംസ്ഥാന സർക്കാരിനു മാത്രമായി ഇളവ് നൽകാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം. വാഹന മോഡിഫിക്കേഷനെതിരെ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കൊപ്പം പൊലീസും കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
വാഹനത്തിൽ എത്ര മോഡിഫിക്കേഷൻ വരുത്തിയിട്ടുണ്ടോ അതിൽ ഓരോന്നിനും പിഴ ചുമത്തണമെന്നാണ് നിർദേശം. മാത്രമല്ല മോഡിഫിക്കേഷൻ മാറ്റി യഥാർഥ രീതിയിലേക്ക് വാഹനം മാറ്റിയെന്ന് ഉറപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ എത്ര വാഹനങ്ങൾ പരിശോധിച്ചു, എത്ര തുക ഈടാക്കിയെന്നത് അടുത്ത മൂന്നാം തിയതിക്കുള്ളിൽ എല്ലാ ആർടിഒമാരും റിപ്പോർട്ട് നൽകണമെന്നും ഗതാഗത കമ്മീഷണർ നിർദേശിച്ചു.
വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ രൂപമാറ്റത്തിനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ പിഴ ചുമത്തണം. രൂപമാറ്റം പൂർണമായി നീക്കി വാഹനപരിശോധനയ്ക്ക് ഹാജരാക്കാൻ വാഹന ഉടമകൾക്ക് നിർദേശം നൽകണമെന്നും പറയുന്നു.
ഒരു വാഹനത്തിൽ നടത്തുന്ന അനധികൃത രൂപമാറ്റം ഓരോന്നിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
