മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ വീണ്ടും വീണ ഹാജരായി
എക്‌സാ ലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. നേരത്തെ 29ന് ഹാജരാകാം എന്നായിരുന്നു വീണ അറിയിച്ചത്. എന്നാല്‍ ഇഡിയുടെ ആവശ്യം അനുസരിച്ച് ഇന്ന് ഹാജരാകുകയായിരുന്നു. എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയാണ് വീണയെ ചോദ്യം ചെയ്യുന്നത്.
കോടതിയില്‍ ഹാജരാക്കിയ 134 സുപ്രധാന രേഖകളാണ് ഇഡിക്ക് ലഭിച്ചത്. കൊച്ചിയിലെ കോര്‍പ്പറേറ്റ് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് നടപടി. സി.എം.ആര്‍.എല്‍ ഈ നീക്കത്തെ എതിര്‍ത്തെങ്കിലും എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞുകൊണ്ട് കോടതി രേഖകള്‍ കൈമാറാന്‍ ഉത്തരവിട്ടു. എന്നാല്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും രേഖകള്‍ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കി.
വീണയും സി.എം.ആര്‍.എല്ലും തമ്മിലുള്ള കരാറും വീണയുടെ ആദായനികുതി റിട്ടേണുകളും ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ എസ്.എഫ്.ഐ.ഒ. ഇ.ഡി.ക്ക് കൈമാറി. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വീണ വിജയനെ വിളിപ്പിച്ചിരിക്കുന്നതിനാല്‍ ഈ രേഖകളുടെ ലഭ്യത അന്വേഷണത്തിന് ശക്തി പകരുമെന്ന് ഇ.ഡി പ്രതീക്ഷിക്കുന്നു. അതേസമയം നേരത്തെ ചോദ്യം ചെയ്യലില്‍ നിരവധി രേഖകള്‍ ഹാജരാക്കാന്‍ വീണ സമയം ആവശ്യപ്പെട്ടിരുന്നു.