'ഊരാളുങ്കൽ സൂപ്പർ'; വീണ്ടും യു-ടേൺ അടിച്ച് സതീശൻ സർക്കാർ
അതേസമയം ഊരാളുങ്കലിനു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ വീട്ടിലെ പെട്ടിയിലേക്കാണ് പോകുന്നതെന്നാണ് വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പിണറായി വിജയനെതിരെ പറഞ്ഞത്
എൽഡിഎഫ് ഭരണത്തിൽ യുഡിഎഫ് ശക്തമായി വിമർശിച്ചിരുന്ന കമ്പനിയായിരുന്നു ഊരാളുങ്കൽ. നിർമാണ പ്രവൃത്തികൾ ഊരാളുങ്കലിനു നൽകുന്നത് അഴിമതിയാണെന്ന് പോലും അക്കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശൻ വിമർശിച്ചിട്ടുണ്ട്. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം ഊരാളുങ്കലിന്റെ കാര്യത്തിലും നിലപാട് മാറ്റിയിരിക്കുന്നു.
ഊരാളുങ്കൽ സൊസൈറ്റിയുടേത് നിലവാരമുള്ള പ്രവർത്തികൾ ആണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ നിയമസഭയിൽ പറഞ്ഞു. നിലവാരം ഉള്ളതുകൊണ്ടാണ് എല്ലാവരും ഊരാളുങ്കലിന്റെ പിന്നാലെ പോയതെന്നാണ് ബഷീർ പറയുന്നത്.
'ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നൽകുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഊരാളുങ്കലിന് നടപടികൾ പാലിക്കാതെ പ്രവൃത്തി അനുവദിച്ചിട്ടില്ല. ഊരാളുങ്കൽ സൊസൈറ്റി ഗുണനിലവാര പരിശോധന കർശനമായി പാലിക്കുന്നുണ്ട്. പ്രവർത്തിയിൽ ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണം നടത്തും. ഊരാളുങ്കൽ സൊസൈറ്റിക്ക് വഴിവിട്ട് പദ്ധതികൾ നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കും,' ബഷീർ പറഞ്ഞു.
അതേസമയം ഊരാളുങ്കലിനു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ വീട്ടിലെ പെട്ടിയിലേക്കാണ് പോകുന്നതെന്നാണ് വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പിണറായി വിജയനെതിരെ പറഞ്ഞത്. അന്ന് ഊരാളുങ്കലിന്റെ പ്രവർത്തനം കണ്ടാണ് സർക്കാർ അവരെ ആശ്രയിക്കുന്നതെന്നാണ് പിണറായി പറഞ്ഞത്. അന്ന് പിണറായി പറഞ്ഞ നിലപാടിലേക്ക് അധികാരത്തിലേക്ക് എത്തിയതിനു പിന്നാലെ യുഡിഎഫും എത്തിയിരിക്കുകയാണ്.