തിരികൾ വാരിയെടുക്കുന്നതിനിടെ തീപ്പൊരി, ഓടുമ്പോഴേക്കും സ്‌ഫോടനം; വില്ലൻ കനത്ത ചൂട് തന്നെ !
തീപ്പൊരി കണ്ടതോടെ തിരി വാരിക്കൂട്ടുകയായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെടാൻ തുടങ്ങി
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിനു കാരണം കനത്ത ചൂട്. ശക്തിയേറിയ വെയിൽ ആയിരുന്നു അപകടസമയത്ത്. ഇതുകാരണമായിരിക്കാം വെടിക്കെട്ട് പുരയിൽ തീപ്പൊരി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വെടിക്കെട്ട് പുരയിലെ തൊഴിലാളിയും ഇതേ കാര്യമാണ് മൊഴി നൽകിയത്.
കരിമരുന്ന് നിറച്ച ശേഷം വയ്ക്കുന്ന തിരി ഉണക്കുന്നതിനിടെയാണ് സംഭവം. അമിട്ട്, കുഴിമിന്നൽ, ഡൈന തുടങ്ങിയവയിൽ കൊളുത്താൻ ഉപയോഗിക്കുന്ന തിരി വെടിക്കെട്ട് പുരയ്ക്കു സമീപം കൂട്ടത്തോടെ ഉണക്കാനിട്ടിരുന്നു. രാസലായനിയിൽ മുക്കിയ ശേഷം പായയിലിട്ടാണ് ഇവ ഉണക്കിയെടുക്കുക. കടുത്ത ചൂടിനെ തുടർന്ന് തിരികൾ വേഗത്തിൽ ഉണങ്ങി. ഈ തിരികൾ വാരിയെടുക്കുന്നതിനിടെയാണ് തീഗോളം ഉണ്ടായത്. ഉടനെ തിരികൾ മുഴുവൻ ആളികത്തി. ഇതാണ് അപകടത്തിനു തുടക്കം.
തീപ്പൊരി കണ്ടതോടെ തിരി വാരിക്കൂട്ടുകയായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെടാൻ തുടങ്ങി. അപ്പോഴേക്കും തിരികളിൽ നിന്ന് തീ വെടിക്കെട്ട് പുരയിലെ കരിമരുന്നിലേക്കും പടർന്നു. തീ ആളികത്തി നിമിഷനേരം കൊണ്ട് വെടിക്കെട്ട് പുര കത്തി. നിലത്തു ചമ്രംപടിഞ്ഞിരുന്നു വെടിക്കോപ്പുകളിൽ കരിമരുന്ന് നിറയ്ക്കുകയായിരുന്ന തൊഴിലാളികൾക്കു വേഗത്തിൽ ഓടിരക്ഷപ്പെടാനും സാധിച്ചില്ല. ഒന്നാമത്തെ വെടിക്കെട്ട് പുരയിൽ നിന്ന് തൊട്ടടുത്തുള്ള മറ്റു വെടിക്കെട്ട് പുരകളിലേക്കും തീ പടർന്നതോടെ അപകടത്തിന്റെ തീവ്രത കൂടി. രക്ഷപ്പെടാൻ വേണ്ടി വെടിക്കെട്ട് പുരകളിൽ നിന്ന് ഓടുകയായിരുന്ന തൊഴിലാളികൾ സ്‌ഫോടനത്തിന്റെ ശക്തിയാൽ പലയിടത്തേക്കായി തെറിച്ചുവീണു.