1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvananthapuram Metro final DPR to be submit next week

തിരുവനന്തപുരം മെട്രോ, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിലേക്ക്, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും

metro
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മെട്രോ ട്രെയ്ന്‍ പദ്ധതി കൊണ്ടുവരുന്നതിനുള്ള അന്തിമ ഡിപിആര്‍ അടുത്തയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. പദ്ധതിയുടെ നിര്‍മാണ ചെലവുള്‍പ്പടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കുന്ന പൂര്‍ണമായ ഡിപിആറാണ് കെഎംആര്‍എല്‍(കൊച്ചി മെട്രോ റെയില്‍  ലിമിറ്റഡ്) മന്ത്രിസഭയുടെ അനുമതിക്കായി നല്‍കുന്നത്.
 
മന്ത്രിസഭയുടെ അനുമതിലഭിച്ചാല്‍ ഡീപിആര്‍ കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കും. കേന്ദ്ര അനുമതി ലഭിച്ചാല്‍ 6 മാസത്തിനകം നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. പാപ്പനംകോട്ടുനിന്ന് തുടങ്ങി കിള്ളിപ്പാലം, തമ്പാനൂര്‍,സെക്രട്ടറിയേറ്റ്,പാളയം,പട്ടം,മെഡിക്കല്‍ കോളേജ്,ഉള്ളൂര്‍,കാര്യവട്ടം വഴി കഴക്കൂട്ടം വരെയും അവിടെ നിന്ന് ടെക്‌നോപാര്‍ക്ക്, ആക്കുളം,ചാക്ക വഴി ഈഞ്ചയ്ക്കല്‍ വരെയുമെത്തുന്ന 31 കിലോമീറ്ററിലാണ് അലൈന്മെന്റ് തയ്യാറാക്കിയിരിക്കുന്നത്.
 
 കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ അലൈന്മെന്റിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥലമേറ്റെടുക്കല്‍,പദ്ധതിചെലവ് ഉള്‍പ്പടെ വിശദമായ ഡിപിആര്‍ തയ്യാറാക്കാനും സര്‍ക്കാര്‍ കെഎംആര്‍എല്ലിനോട് ആവശ്യപ്പെട്ടത്.പൂര്‍ണമായും എലിവേറ്റഡ് ആയ നിര്‍മാണ് രീതിയാണ് ഡിപിആറിലുള്ളതെന്നാണ് സൂചന. ഇതിനായി 10,000 കോടി രൂപ ചെലവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചി മെട്രോയുടെ മാതൃകയില്‍ 60 ശതമാനം വായ്പയായും 20 ശതമാനം വീതം സംസ്ഥാന, കേന്ദ്ര വിഹിതമായും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക